ഈ ട്രാൻസ്ഫർ ജാലകം പൂർത്തിയായപ്പോൾ വലിയ തോതിലുള്ള മുന്നേറ്റങ്ങൾ ഒന്നും തന്നെ ബാഴ്സക്ക് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. സെർജിനോ ഡെസ്റ്റിനെ മാത്രമാണ് പുതുതായി സ്ക്വാഡിലേക്ക് ആഡ് ചെയ്യാൻ സാധിച്ചത്. ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ, ലൂയിസ് സുവാരസ്, നെൽസൺ സെമെഡോ എന്നിവരെല്ലാം തന്നെ ക്ലബ് വിടുകയും ചെയ്തു.
ബാഴ്സ ടീമിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയത് രണ്ട് താരങ്ങൾക്ക് വേണ്ടിയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫൻഡർ എറിക് ഗാർഷ്യ, ലിയോണിന്റെ മുന്നേറ്റനിര താരം മെംഫിസ് ഡീപേ എന്നീ താരങ്ങളെയായിരുന്നു കൂമാന് വേണ്ടിയിരുന്നത്. എന്നാൽ അവസാനദിവസത്തിൽ കൂടി നടത്തിയ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. എന്നാൽ ബാഴ്സ വിടാനൊരുക്കമല്ല.
ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ ഏത് വിധേനേയും ഇരുതാരങ്ങളെയും ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കൂമാൻ. സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേവലം 86 ദിവസങ്ങൾ മാത്രമേയൊള്ളൂ വിന്റർ ട്രാൻസ്ഫർ ആരംഭിക്കാൻ. അപ്പോൾ ഇരുതാരങ്ങളെയും സ്വന്തമാക്കണം എന്നാണ് കൂമാന്റെ ആവിശ്യം. സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇരുതാരങ്ങളെയും വേണം എന്ന് തന്നെയാണ് കൂമാന്റെ നിലപാട്.
നിലവിൽ ഇരുതാരങ്ങളുടെയും കരാർ അടുത്ത വർഷം അവസാനിക്കും. ഇരുതാരങ്ങൾക്കും ബാഴ്സയിൽ എത്താൻ ആഗ്രഹവുമുണ്ട്. അതിനാൽ തന്നെ രണ്ട് പേരും കരാർ പുതുക്കാനുള്ള സാധ്യതകൾ കുറവാണ്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ ഇരുവരെയും ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ബാഴ്സക്ക് അവസരമുണ്ട്. പക്ഷെ കൂമാന്റെ കീഴിലെ ബാഴ്സയുടെ പ്രകടനവും പുതിയ പ്രസിഡന്റിന്റെ തീരുമാനങ്ങളെയും ആശ്രയിച്ചാണ് അതിന്റെ ഭാവി നിലകൊള്ളുന്നത്.