മരണ ഗ്രൂപ്പിൽ നിന്നും ഒന്നാമനായി ജപ്പാൻ :തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍, ജയിച്ചിട്ടും ജര്‍മനി പുറത്ത്‌ |Qatar 2022

ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ അവസാന ഘട്ട പോരാട്ടങ്ങൾ ഗ്രൂപ്പ് ഇയിൽ നടന്നപ്പോൾ തുടർച്ചയായ രണ്ടാമത്തെ ലോകകപ്പിലും ജർമനി ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. കോസ്റ്റാറിക്കക്കെതിരെ നടന്ന നിർണായകമായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടാൻ ജർമനിക്ക് കഴിഞ്ഞെങ്കിലും സ്പെയിനെതിരെ ജപ്പാൻ വിജയം നേടിയതാണ് അവർക്ക് തിരിച്ചടി നൽകിയത്. രണ്ടു ജയത്തോടെ ആറു പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ ഒരു ജയവും ഒരു സമനിലയുമായി സ്പെയിൻ രണ്ടാം സ്ഥാനത്തെത്തി. ജര്മനിക്കും നാല് പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ സ്പെയിനിനു പുറകിലായതാണ് പുറത്തേക്കുള്ള വഴി തുറന്നത്.

വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010ലെ ചാമ്പ്യന്മാരായ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചടിച്ചാണ് ജപ്പാന്റെ കുതിപ്പ്. കളി ആരംഭിച്ച് 11ആം മിനുട്ടിൽ സ്പെയിൻ ലീഡും നേടി. ആസ്പിലികേറ്റ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഹെഡ് ചെയ്ത് മൊറാട്ട വലയിൽ ആക്കി. സ്പെയിനിന്റെ ആദ്യ ഗോൾ. 48ആം മിനുറ്റിൽ ഡോൺ ജപ്പാന് സമനില നൽകി. ജപ്പാൻ താരത്തിന്റെ ഷോട്ട് ഉനായ് സിമന്റെ കയ്യിൽ തട്ടി ആണ് വലയിലേക്ക് കയറിയത്. സ്പെയിൻ ഞെട്ടിയ നിമിഷം. സ്കോർ 1-1.ഒരു മിനിറ്റിനകം ജപ്പാന്‍റെ രണ്ടാം ഗോളുമെത്തി. എന്നാല്‍ ഈ ഗോളിന് വിവാദത്തിന്‍റെ ടച്ചുണ്ടായിരുന്നു. ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ ടച്ച് ലൈന്‍ കടന്ന് പുറത്തുപോയ പന്ത് കൗറു മിടോമ ബോക്സിലേക്ക് മറിച്ചിട്ടു. പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഓ ടനാക കാല്‍മുട്ടുകൊണ്ട് പന്ത് വലയിലാക്കി.ജപ്പാൻ 2-1ന് മുന്നിൽ.

കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ ജർമനിയായിരുന്നു ആദ്യം മുന്നിലെത്തിയത്. പത്താം മിനുട്ടിൽ തന്നെ ബയേൺ താരം ഗ്നാബ്രി ഗോൾ നേടിയതോടെ ജർമനി അനായാസ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോസ്റ്റാറിക്ക പൊരുതാനുറപ്പിച്ചു തന്നെയായിരുന്നു. ആദ്യപകുതിയിൽ ഗോളൊന്നും വഴങ്ങാതെ പിടിച്ചു നിന്ന അവർ രണ്ടാം പകുതിയിൽ കൂടുതൽ ശക്തിയിൽ ആഞ്ഞടിച്ചു. യെലേറ്റ്സിൻ ടെജെഡ അമ്പത്തിയെട്ടാം മിനുട്ടിലും യുവാൻ പാബ്ലോ വർഗാസ് എഴുപതാം മിനിറ്റിലും ഗോൾ നേടിയത് കോസ്റ്റാറിക്കയെ മുന്നിലെത്തിച്ചു.

എന്നാൽ നോർത്ത് അമേരിക്കൻ ടീമിന്റെ ആഘോഷത്തിന് മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയത്തിനായി ആഞ്ഞടിച്ച ജർമനി എഴുപത്തിമൂന്നാം മിനുട്ടിലും എൺപത്തിയഞ്ചാം മിനുട്ടിലും ചെൽസി താരം കയ് ഹാവേർട്ട്സിലൂടെ ഗോൾ മടക്കി വീണ്ടും മുന്നിലെത്തി. എൺപത്തിയൊമ്പതാം മിനുട്ടിൽ നിക്കലാസ് ഫുൾക്റഗ് കൂടി ഗോൾ നേടിയതോടെ ജർമനി വിജയം ഉറപ്പിച്ചെങ്കിലും അവരെ നോക്ക്ഔട്ടിലെത്തിക്കാൻ അതിനും മതിയാകില്ലായിരുന്നു.

ഒരു ഘട്ടത്തിൽ സ്പെയിനും പുറത്താകലിന്റെ വക്കത്തായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ മുന്നിലും ജർമനിക്കെതിരെ കോസ്റ്ററിക്ക ലീഡ് നേടുകയും ചെയ്‌ത സമയത്താണ് സ്പെയിൻ പുറത്താകൽ ഭീഷണിയെ നേരിട്ടത്. ആ സ്‌കോർ അവസാനം വരെ തുടർന്നാൽ സ്പെയിനും ജർമനിയും ലോകകപ്പിൽ നിന്നും പുറത്തായേനെ. എന്നാൽ ജർമനി തിരിച്ചടിച്ച് വിജയം നേടിയത് അവർക്ക് ആശ്വാസമായി. ആദ്യത്തെ മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയം നേടിയതാണ് സ്പെയിനിനു നോക്ക്ഔട്ടിലെത്താൻ സഹായിച്ചത്.

Rate this post
FIFA world cupGermanyJapanQatar2022Spain