ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങൾ അർജന്റീനക്ക് പിന്തുണ നൽകാൻ ഖത്തറിലേക്ക് |Qatar 2022

ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ അർജന്റീന നിരവധി തിരിച്ചടികൾ നേരിട്ടിരുന്നു. മധ്യനിരയിലെ പ്രധാനിയായ താരം ജിയോവാനി ലോ സെൽസോയുടെ പരിക്കാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. താരം ടൂർണമെന്റിന് ഒരാഴ്‌ച മുൻപാണ് ലോകകപ്പിൽ കളിക്കില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറേയ എന്നീ മുന്നേറ്റനിരയിലെ താരങ്ങളും ലോകകപ്പ് ടീമിൽ നിന്നും പരിക്കു മൂലം ഒഴിവാക്കപ്പെട്ടു. സ്‌കലോണിയുടെ പദ്ധതികളിൽ പ്രധാനികളായ താരങ്ങൾ ആയിരുന്ന ഇവരുടെ അഭാവത്തിൽ പോലും അർജന്റീന മികച്ച പ്രകടനം നടത്തി ലോകകപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്.

ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ടതിനു ശേഷമാണ് നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറേയ എന്നീ താരങ്ങളെ പരിശീലകൻ സ്‌കലോണി ഒഴിവാക്കിയത്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ മറച്ചു വെച്ചതിന്റെ പേരിൽ ഈ താരങ്ങൾക്കെതിരെ പരിശീലകൻ സ്‌കലോണി വിമർശനം നടത്തുകയും പകരക്കാരെ ഉൾപ്പെടുത്തുകയും ചെയ്‌തു. തിയാഗോ അൽമാഡ, ഏഞ്ചൽ കൊറേയ എന്നീ കളിക്കാരാണ് ഇവർക്ക് പകരം സ്‌ക്വാഡിൽ എത്തിയത്. പകരക്കാരായെത്തിയ രണ്ടു താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

അതേസമയം അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തിയതോടെ നേരത്തെ ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങളും ഖത്തറിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇഎസ്‌പിഎൻ ജേര്ണലിസ്റ്റായ മോൺറോയിഗ് ഡീഗോ വെളിപ്പെടുത്തുന്നു. അർജന്റീന ടീമിനെ ഫൈനലിൽ പിന്തുണക്കുന്നതിനു വേണ്ടിയാണ് ഈ താരങ്ങൾ ദോഹയിലേക്ക് യാത്ര ചെയ്യുന്നത്. കോപ്പ അമേരിക്ക കിരീടം നേടുമ്പോഴും അതിനു ശേഷം ലോകകപ്പ് വരെയും ടീമിനൊപ്പം സജീവമായി ഉണ്ടായിരുന്ന ഈ താരങ്ങളുടെ സാന്നിധ്യം ഖത്തറിൽ ഉണ്ടാകുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും.

കലാശപ്പോരാട്ടത്തിൽ അർജന്റീന ഫ്രാൻസിനെയാണ് ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ നേരിടുക. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായ ഫ്രാൻസിന് മത്സരത്തിൽ മുൻതൂക്കമുണ്ടെന്നതിൽ സംശയമില്ല. കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയ അവർ ഇരട്ടി കരുത്തോടെയാണ് ഇത്തവണ ലോകകപ്പിൽ മുന്നേറുന്നത്. എന്നാൽ ലയണൽ മെസിയുടെ സാന്നിധ്യവും പരിശീലകൻ ലയണൽ സ്‌കലോണിയുടെ തന്ത്രങ്ങളും അർജന്റീനക്ക് ഊർജ്ജം പകരുന്നു. ഫൈനലിൽ മികച്ച പോരാട്ടം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

Rate this post