ആഗ്രഹമുണ്ടായിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വീണ്ടുമെത്താൻ കഴിഞ്ഞില്ല, കാരണം വെളിപ്പെടുത്തി പെരേര ഡയസ്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിക്കാൻ നിർണായക പങ്കു വഹിക്കാൻ അർജന്റീനിയൻ മുന്നേറ്റനിര താരമായ യോർഹെ പെരേര ഡയസിനു കഴിഞ്ഞിരുന്നു. സ്‌പാനിഷ്‌ സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസുമായി ഒത്തിണക്കത്തോടെ പെരേര ഡയസ് കളിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര എതിരാളികളുടെ പേടിസ്വപ്‌നമായി മാറി. അർജന്റീനിയൻ ക്ലബായ അത്ലറ്റികോ പ്ലാറ്റൻസിൽ നിന്നും ലോൺ കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം സീസൺ കഴിഞ്ഞപ്പോൾ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയും ചെയ്‌തു.

പെരേര ഡയസ് ഈ വരുന്ന സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സിൽ തന്നെ കളിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ഡയസിനും കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കാനാണ് ആഗ്രഹമുണ്ടായിരുന്നെങ്കിലും ട്രാൻസ്‌ഫർ നടന്നില്ലെന്നു മാത്രമല്ല, മുംബൈ സിറ്റി താരത്തെ സ്വന്തമാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ ടീം ഫോർ വേൾഡ് കപ്പിനോട് സംസാരിക്കുമ്പോൾ ഇതേക്കുറിച്ച് താരം മനസു തുറന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള തന്റെ തിരിച്ചു വരവിനു തടസം നിന്നത് ടീം മാനേജ്‌മെന്റിന്റെ നിലപാടുകളാണെന്നാണ് പെരേര ഡയസ് പറയുന്നത്.

“കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മടങ്ങി വരാൻ കഴിയുമെന്ന് എനിക്കു പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും ക്ലബിന്റെ പദ്ധതികൾ മറ്റു പലതുമായിരുന്നു. അതെനിക്ക് ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. അതിനാൽ എനിക്ക് മറ്റുള്ള ഓഫറുകൾ പരിഗണിക്കേണ്ടി വന്നു. മിഡിൽ ഈസ്റ്റിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോയി പുതിയൊരു ടീമിൽ കളിക്കാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.”

“ബ്ലാസ്റ്റേഴ്‌സിന് എന്നെ സ്വന്തമാക്കാൻ താൽപര്യമില്ലെന്ന് അറിഞ്ഞതിനെ പിറ്റേ ദിവസമാണ് മുംബൈ സിറ്റിയിൽ നിന്നും വിളി വരുന്നതും അവർ എനിക്കായി ഓഫർ മുന്നോട്ടു വെക്കുന്നതും. മുംബൈ സിറ്റിയിലേക്ക് ചേക്കേറാനുള്ള തീരുമാനം വളരെ പെട്ടന്നു തന്നെ ഞാൻ എടുക്കുകയായിരുന്നു. ലോകമെമ്പാടും നിരവധി ക്ലബുകൾ സ്വന്തമായുള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഓഫർ തിരഞ്ഞെടുക്കാൻ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല.” മുപ്പത്തിരണ്ട് വയസുള്ള അർജന്റീന താരം പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനായി എട്ടു ഗോളുകൾ നേടിയ പെരേര ഡയസ് കളം നിറഞ്ഞു കളിക്കുന്ന താരമായിരുന്നു. ഇത്തവണ കഴിഞ്ഞ സീസണിൽ നേടിയതിനേക്കാൾ ഗോളുകളാണ് തന്റെ ലക്ഷ്യമെന്ന മുന്നറിയിപ്പ് താരം അഭിമുഖത്തിനിടയിൽ നൽകുകയും ചെയ്‌തു. സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കണമെന്നും യോർഹെ പെരേര ഡയസ് കൂട്ടിച്ചേർത്തു.

Rate this post