റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ? നിർണായക പ്രതികരണവുമായി എറിക് ടെൻ ഹാഗ്

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമോ, അതോ ക്ലബ് വിടുമോയെന്ന കാര്യത്തിൽ പ്രതികരണവുമായി പരിശീലകൻ എറിക് ടെൻ ഹാഗ്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം കൊണ്ട് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന റൊണാൾഡോ ഇപ്പോഴും അതിനായി ശ്രമം തുടരുന്നുണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് നിർണായക പ്രതികരണം ഡച്ച് പരിശീലകൻ നടത്തിയത്.

സൗത്താംപ്റ്റനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് റൊണാൾഡോ അടുത്ത മാസവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഉണ്ടാകുമോയെന്ന് ടെൻ ഹാഗിനോട് ചോദ്യമുണ്ടായത്. “താരം എന്തായാലും തുടരുമെന്ന് എനിക്ക് പറയാൻ കഴിയില്ല. റൊണാൾഡോയെ ഉൾപ്പെടുത്തിയാണ് ഞങ്ങൾ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്, അതിൽ ഞങ്ങൾ തുടരും. നല്ലൊരു താരത്തെ ലഭ്യമാവുകയാണെങ്കിൽ ഞങ്ങളവനെ വാങ്ങും, കാരണം സ്‌ക്വാഡിനെ കൂടുതൽ ശക്തിപ്പെടുത്തണം. ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതു വരെ ഞങ്ങളക്കാര്യത്തിൽ ജാഗരൂഗരായിരിക്കും.” ടെൻ ഹാഗ് ബിടി സ്പോർട്ടിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന പദ്ധതിയിൽ ഉറച്ചു നിന്നതു കാരണം പ്രീ സീസൺ പരിശീലനവും നിരവധി പ്രീ സീസൺ മത്സരങ്ങളും നഷ്‌ടമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എറിക് ടെൻ ഹാഗിന്റെ ടീമിൽ അവസരങ്ങളും കുറവാണ്. ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ചപ്പോൾ അതിൽ മൂന്നെണ്ണത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നില്ല. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടർന്നാൽ ലഭിക്കുന്ന അവസരങ്ങൾ പരിമിതമായിരിക്കും എന്നതു കൊണ്ടു കൂടിയാണ് താരം ക്ലബ് വിടാനുള്ള ശ്രമം തുടരുന്നത്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന ആഗ്രഹമുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള നിരവധി ക്ലബുകളൊന്നും റൊണാൾഡോയുടെ പുറകിലില്ല. ചെൽസി, ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങി ഏതാനും ക്ലബുകൾ താരത്തെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെക്കുകയും ചെയ്‌തിരുന്നു. നിലവിൽ റൊണാൾഡോയുടെ മുൻ ക്ലബായ സ്പോർട്ടിംഗാണ് താരത്തിനായി സജീവമായി രംഗത്തുള്ളത്. അതിനു പുറമെ നാപ്പോളി, മാഴ്‌സ എന്നീ ക്ലബുകളുമായി താരത്തെ ബന്ധപ്പെടുത്തിയും അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

Rate this post