മെസിക്കു നേടാനാവാത്ത പുഷ്‌കാസ് അവാർഡ് മറ്റൊരു അർജന്റീന താരത്തിനു ലഭിക്കുമോ, അത്ഭുതഗോൾ പിറന്നത് മെസിയുടെ മുൻ ക്ലബിനു വേണ്ടി

അർജന്റീനിയൻ വെറ്ററൻ താരമായ പാബ്ലോ പെരസിന്‌ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാർഡ് സ്വപ്‌നം കണ്ടു തുടങ്ങാം. ലയണൽ മെസിയുടെ മുൻ ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനായി ഇന്നലെ പെരസ് നേടിയ ഗോൾ അത്ര മികച്ചതും അവിശ്വസനീയവുമായ ഒന്നായിരുന്നു. ഇന്നലെ അർജന്റീന ലിഗ പ്രൊഫെഷണലിന്റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഗോഡോയ് ക്രൂസിനെതിരെയാണ് മുപ്പത്തിയേഴു വയസുള്ള താരം അത്ഭുതപ്പെടുത്തുന്ന അക്രോബാറ്റിക് ഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനുട്ടിലായിരുന്നു പെരസിന്റെ ഗോൾ പിറന്നത്.

രണ്ടാം മിനുട്ടിൽ തന്നെ മാർട്ടിൻ ഒജിഡയുടെ ഗോളിൽ ഗോഡോയ് ക്രൂസ് മത്സരത്തിൽ മുന്നിലെത്തിയിരുന്നു. അതിനു ശേഷം എട്ടു മിനുട്ടു കൂടി കഴിഞ്ഞപ്പോഴാണ് പാബ്ലോ പെരസിന്റെ ഗോൾ വരുന്നത്. ന്യൂവെൽസ് ഓൾഡ് ബോയ്‌സ് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച വിങ്‌ബാക്കായ തോമസ് ജേക്കബ് അത് ബോക്‌സിനു തൊട്ടു വെളിയിൽ നിന്നിരുന്ന പാബ്ലോ പെരസിനു ഒരു ക്രോസ് പോലെ നൽകുകയായിരുന്നു.

തന്റെ തോളൊപ്പം ഉയരത്തിൽ വന്നിരുന്ന പന്ത് ഹെഡ് ചെയ്‌ത്‌ പാസ് നൽകാനോ അല്ലെങ്കിൽ ശരീരം കൊണ്ട് ഒതുക്കി കളി തുടരാനോ ശ്രമിക്കുന്നതിനു പകരം പാബ്ലോ പെരസ് ഉയർന്നു ചാടി മികച്ചൊരു അക്രോബാറ്റിക് കിക്കിലൂടെ ഷോട്ട് ഉതിർക്കുകയാണ് ചെയ്‌തത്‌. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ വലതു മൂലയിൽ തട്ടിയ പന്ത് അതിനു ശേഷം ഉള്ളിലേക്ക് കയറിയപ്പോൾ ഈ സീസണിലെ തന്നെ ഏറ്റവും മനോഹരവും അതിനൊപ്പം അനുകരിക്കാൻ പ്രയാസകരവുമായ ഒരു ഗോളാണ് പിറന്നത്.

സ്വീഡിഷ് താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നേടുന്ന ഗോളുകളെ ഓർമിപ്പിച്ച പാബ്ലോ പെരസിന്റെ ഗോളിനെ മാഴ്‌സലോ ബിയൽസ സ്റ്റേഡിയത്തിൽ എത്തിയ കാണികൾ എണീറ്റു നിന്ന് കയ്യടികളോടെയാണ് സ്വീകരിച്ചത്. എന്നാൽ പാബ്ലോ പെരസിന്റെ ഗോളിന് ന്യൂവെൽസിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. പത്തൊൻപതാം മിനുട്ടിൽ ഗില്ലർമോ ബാൽസി ചുവപ്പുകാർഡ് കണ്ട് പുറത്തു പോയതിനെ തുടർന്ന് പത്തു പേരുമായി കളിച്ച ന്യൂവെൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.

അർജന്റീനയിൽ നിന്നും ഇതുവരെ ഒരൊറ്റ താരം മാത്രമേ പുഷ്‌കാസ് അവാർഡ് നേടിയിട്ടുള്ളൂ. ആഴ്‌സണലിനെതിരെ ടോട്ടനം ഹോസ്‌പറിനു വേണ്ടി എറിക് ലമേല നേടിയ ഗോളാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. ലയണൽ മെസി ഏഴു തവണ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നേടാൻ കഴിഞ്ഞിട്ടില്ല. 2011, 2015 വർഷങ്ങളിൽ താരം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

Rate this post