ബയേൺ മ്യൂണിക്കിന് മുന്നിൽ വൻ മതിലായി മാറിയ മോൺചെൻഗ്ലാഡ്ബാക്ക് ഗോൾകീപ്പർ യാൻ സോമർ |Yann Sommer

ബുണ്ടസ്‌ലിഗയിലെ എക്കാലത്തെയും മികച്ച തുടക്കമാണ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ഈ സീസണിൽ ലഭിച്ചത്. മൂന്നു മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ ആണ് അവർ അടിച്ചു കൂട്ടിയത്. എന്നാൽ ഇന്നലെ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ ഗോളിനായി 33 ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾകീപ്പർ യാൻ സോമറിനെ ഒരു തവണ മാത്രമേ തോൽപ്പിക്കാനായുള്ളൂ.

83 ആം മിനുട്ടിൽ ലെറോയ് സാനെയാണ് ബയേണിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിൽ സോമർ 19 സേവുകൾ നടത്തി,ഒറ്റ ബുണ്ടസ്ലിഗ ഗെയിമിൽ കൂടുതൽ സേവുകൾ എന്ന റെക്കോർഡും സോമർ സ്വന്തം പേരിലാക്കുകയും ചെയ്തു.ആ 19 സേവുകളിൽ, 11 എണ്ണം ബോക്‌സിനുള്ളിൽ നിന്ന് സേവ് ചെയ്‌ത ഷോട്ടുകൾ, നാലെണ്ണം ക്ലിയറൻസുകൾ, രണ്ട് പഞ്ചുകൾ, ഒരു മികച്ച ഡബിൾ സേവ് എന്നിവ ഉൾപ്പെട്ടു.അറുപത്തിരണ്ടാം മിനിറ്റിൽ സാദിയോ മാനെക്കെതിരെ നടത്തിയ ഡബിൾ സേവ് ആയിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.അലക്സാണ്ടർ ഷ്വോലോ ഹാംബർഗിനായി 14 സ്റ്റോപ്പുകൾ എന്ന റെക്കോർഡാണ് സ്വിസ് ഗോൾകീപ്പർ തകർത്തത്.

സോഫ സ്കോറിൽ 10 റേറ്റിങ് ആണ് സ്വിസ് ഗോൾ കീപ്പർ തന്റെ പ്രകടനം കൊണ്ടു നേടിയത്.“പ്രതിരോധത്തിന് പിന്നിൽ ഞങ്ങൾക്ക് ഒരുപാട് ജോലികൾ ഉണ്ടാകുമെന്നും,ധാരാളം ക്രോസുകളും ധാരാളം ഷോട്ടുകളും ഉണ്ടെന്നും ഗെയിമിന് മുമ്പ് ഞങ്ങൾക്കറിയാമായിരുന്നു.ഞങ്ങൾ അതിന് ഉവേണ്ടി തയ്യാറാവുകയും ഓരോ പന്തും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തു “മത്സരത്തിന് ശേഷം സോമർ പറഞ്ഞു. കഴിഞ്ഞ യൂറോ കപ്പിൽ സ്വിറ്റ്സർലാൻഡിന്റെ ക്വാർട്ടർ വരെയുള്ള കുതിപ്പിൽ സോമർ നിർണായക പങ്കു വഹിച്ചിരുന്നു.ഒരു ദശാബ്ദത്തോളമായി സ്വിസ് വല കാക്കുന്ന സോമർ തന്റെ തന്റെ ഷോട്ട്-സ്റ്റോപ്പിംഗ് കഴിവനുസരിച്ച് നിരവധി വിജയങ്ങൾ തന്റെ ടീമിന് നേടികൊടുത്തിട്ടുണ്ട്. യൂറോ പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയുടെ പെനാൽട്ടി തടുത്തിട്ടതും സോമർ ആയിരുന്നു.

സ്വിസ് ക്ലബ് എഫ് സി ബേസിലിലൂടെ കരിയർ തുടങ്ങിയ 33 കാരൻ 2015 ലാണ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിലെത്തുന്നത്. ജർമൻ ക്ലബിനൊപ്പം 327 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്. സ്വിറ്റ്സർലാൻഡിനായി രണ്ടു വേൾഡ് കപ്പിലും യൂറോ കപ്പിലുമായി 74 മത്സരങ്ങളിൽ വല കാത്തിട്ടുണ്ട്. വലിയ വേദികളിൽ സ്വിസ് ടീമിനെ പലപ്പോഴും സോമർ ഒറ്റക്ക് ചുമലിലേറ്റിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബയേണിനെതിരെ തോൽവിയറിയാതെ നിന്ന മോൺചെൻഗ്ലാഡ്ബാക്ക് ജർമ്മൻ കപ്പിൽ ബവേറിയൻ പവർഹൗസിനെ 5-0ന് പരാജയപ്പെടുത്തി.ദയോത് ഉപമെക്കാനോയുടെ പിഴവ് മുതലെടുത്ത് മാർക്കസ് തുറാം സന്ദർശകർക്കായി സ്കോറിംഗ് തുറന്നു.മത്സരം അവസാനിക്കാൻ 7 മിനുട്ട് ശേഷിക്കെ ലെറോയ് സാനെ ബയേണിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു.ബയേണും ഗ്ലാഡ്ബാച്ചും നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ യഥാക്രമം 10, എട്ട് പോയിന്റുമായി തോൽവിയറിയാതെ തുടരുന്നു.

Rate this post