സഹലിന്റെ 93 ആം മിനുട്ടിലെ ഗോളില്‍ ഒഡീഷയെ കീഴടക്കി മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍. ഫൈനലില്‍ | ISL2023-24

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം പതിപ്പിൽ ഫൈനലിൽ സ്ഥാനം പിടിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ മോഹൻ ബഗാൻ ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി (3-2). സഹൽ അബ്ദുൾ സമദ് 93 ആം മിനുട്ടിൽ നേടിയ ഗോളാണ് മോഹൻ ബഗാന് ഫൈനലിൽ സ്ഥാനം നേടിക്കൊടുത്തത്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 62000-ത്തോളം വരുന്ന ഹോം സപ്പോർട്ടർമാരുടെ മുന്നിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം ഹീറോ ആയി മാറുകയും ചെയ്തു.നിലവിലെ ചാമ്പ്യൻ മോഹൻ ബഗാൻ്റെ നോക്കൗട്ട് ഫൈനലിലെ തുടർച്ചയായ രണ്ടാം പ്രവേശനമാണിത്. മെയ് നാലിന് ഇതേ വേദിയിൽ നടക്കുന്ന ടൈറ്റിൽ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ അത് നേരിടും.

കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഒഡിഷ 2-1ന് ജയിച്ചിരുന്നു. 22-ാം മിനിറ്റില്‍ ജേസണ്‍ കമ്മിംഗ്‌സ് മോഹന്‍ ബഗാനായി നിര്‍ണായക ഗോള്‍ നേടി. ഇതോടെ രണ്ട് പാദങ്ങളിലായി മത്സരം സമനിലയിലെത്തി. രണ്ടാം പാതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടി. അവസാന നിമിഷം വരെ ഇരുടീമുകളും പോരാട്ടം തുടർന്നു.

രണ്ടാംപകുതിയിലെ 71-ാം മിനിറ്റില്‍ താപ്പയെ കയറ്റി മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ ഇറക്കി. മത്സരത്തിന്റെ 93 ആം മിനുട്ടിൽ വലതുവിങ്ങിലൂടെ ഓടിയെത്തിയ മന്‍വീര്‍ സിങ് പന്ത് മധ്യത്തിലേക്ക് കൈമാറി. പന്ത് കൈവശപ്പെടുത്താനായി അമരീന്ദര്‍ ഓടിയെത്തിയെങ്കിലും അത് അദ്ദേഹത്തില്‍നിന്ന് സഹലിന്റെ ദേഹത്ത് തട്ടി ഗോള്‍പോസ്റ്റിലേക്ക് പോയി.

Rate this post