തകർപ്പൻ നീക്കത്തിനൊരുങ്ങി ബാഴ്സലോണ, ബയേൺ മ്യുണിക് വിടാൻ ഒരുങ്ങുന്ന കിമ്മിച്ചിനെ സ്വന്തമാക്കും |Joshua Kimmich

ബയേൺ മ്യൂണിക്കിന്റെ ജർമൻ താരമായ ജോഷുവ കിമ്മിച്ച് ഈ സീസണിന് ശേഷം ബയേൺ മ്യൂണിക്ക് വിടുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്ന ബയേൺ മ്യൂണിക്കിൽ നിന്നും പരിശീലകൻ ജൂലിയൻ നാഗേൽസ്‌മാനെ പുറത്താക്കിയതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനം ഇരുപത്തിയെട്ടു വയസുള്ള താരം എടുത്തതെന്നാണ് റിപ്പോർട്ടുകൾ.

ബയേൺ മ്യൂണിക്കിനൊപ്പം ഏഴു ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗുമടക്കം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമായ കിമ്മിച്ച് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കൂടി വേണ്ടിയാണ് ബയേൺ മ്യൂണിക്കിൽ നിന്നും പുറത്തു പോകുന്നത്. അതിനു പുറമെ ബയേൺ ഡ്രസിങ് റൂമിലെ ഐക്യം ഈ സീസണിനിടെ നഷ്‌ടമായതും താരത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.

കിമ്മിച്ച് ക്ലബ് വിടാൻ തീരുമാനിച്ചതിനു പിന്നാലെ ബാഴ്‌സലോണ താരത്തിനായി രംഗത്ത് വരുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഈ സീസണോടെ ക്ലബ് വിടുന്ന സെർജിയോ ബുസ്‌ക്വറ്റ്‌സിന് പകരക്കാരനാവാൻ കഴിയുന്ന താരമാണ് കിമ്മിച്ച്. റൈറ്റ് ബാക്കായും മധ്യനിരയിലും കളിക്കാൻ കഴിയുന്ന കിമ്മിച്ചിനെ ബാഴ്‌സലോണ പരിശീലകൻ സാവിക്കും വളരെ ഇഷ്‌ടമാണ്‌.

എന്നാൽ താരത്തിനായി അമ്പതു മില്യൺ യൂറോയെങ്കിലും ബാഴ്‌സലോണ മുടക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണക്ക് ഇതെങ്ങിനെ സാധ്യമാകുമെന്ന ചോദ്യവും കിമ്മിച്ചിന് വേണ്ടി അർജന്റീന താരത്തെ സ്വന്തമാക്കാനുള്ള നീക്കം ഉപേക്ഷിക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

ബാഴ്‌സലോണക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റിയും കിമ്മിച്ചിനായി ശ്രമം നടത്തുമെന്നുറപ്പാണ്. ഗുൻഡോഗൻ ഈ സീസണോടെ ക്ലബ് വിടുമെന്നതിനാൽ പകരക്കാരനാക്കാൻ പറ്റിയ താരമാണ് കിമ്മിച്ച്. ഗ്വാർഡിയോളക്ക് കീഴിൽ താരം കളിച്ചിട്ടുമുണ്ട്. എന്തായാലും പരിചയസമ്പന്നനായ താരത്തിന് വേണ്ടി ഒരു വടംവലി ട്രാൻസ്‌ഫർ മാർക്കറ്റിൽ നടക്കുമെന്നുറപ്പാണ്.

Rate this post