എന്തുകൊണ്ടാണ് എല്ലാവരും മെസ്സിക്ക് വേൾഡ് കപ്പ് ലഭിക്കാൻ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി യുർഗൻ ക്ലിൻസ്മാൻ!

വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലയണൽ സ്‌കലോനിയുടെ അർജന്റീന. അതിന് കാരണവുമുണ്ട്. കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. ഒരു കിരീടമില്ല എന്ന ഭാരം അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി ഇറക്കി വെക്കുകയും ചെയ്തു.

അതുമാത്രമല്ല അർജന്റീന ആരാധകരും മെസ്സി ആരാധകരും മുഴുവനും ആഗ്രഹിക്കുന്നത് ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടണമെന്നാണ്.കൂടാതെ ഒട്ടേറെ ഫുട്ബോൾ പണ്ഡിറ്റുകളും നിരീക്ഷകരും മുൻ താരങ്ങളും പരിശീലകരുമൊക്കെ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് പേർ അത് തുറന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ അർജന്റീന ടീമിനെ ഇഷ്ടമാണ് എന്നുള്ളത് ബ്രസീലിയൻ ഇതിഹാസമായ കക്ക പോലും പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് എല്ലാവരും മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കാൻ ആഗ്രഹിക്കുന്നത് എന്നുള്ളതിന്റെ കാരണം ഇപ്പോൾ മുൻ ബയേൺ താരവും മുൻ അമേരിക്കൻ പരിശീലകനുമായിരുന്ന യുർഗൻ ക്ലിൻസ്മാൻ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.മെസ്സി ഫുട്ബോളിന് സംഭാവന ചെയ്ത കാര്യങ്ങൾ നോക്കുമ്പോൾ മെസ്സി ആരെക്കാളും വേൾഡ് കപ്പ് അർഹിക്കുന്നുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം എന്നാണ് ക്ലിൻസ്മാൻ പറഞ്ഞിട്ടുള്ളത്.

‘ ലോക ഫുട്ബോളിൽ ഉള്ള എല്ലാവരും മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. കാരണം മെസ്സിയുടെ പ്രതിഭയും അദ്ദേഹം തന്റെ കരിയറിൽ ചെയ്ത കാര്യങ്ങളും അദ്ദേഹം ഫുട്ബോളിനെ പ്രതിനിധീകരിച്ച രീതിയുമൊക്കെ അദ്ദേഹത്തിന് വേൾഡ് കപ്പ് ലഭിക്കാൻ അർഹത ഉണ്ടാക്കുന്നു.ഡിയഗോ മറഡോണ വേൾഡ് കപ്പ് കിരീടം നേടിയത് പോലെ മെസ്സിയും കിരീടം നേടണം. ഈ ലോകത്തുള്ള ആരെക്കാളും കൂടുതൽ വേൾഡ് കപ്പ് കിരീടം അർഹിക്കുന്നത് മെസ്സിയാണ്.ഖത്തറിൽ നിന്നും മെസ്സി വേൾഡ് കപ്പ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടതുണ്ട് ‘ ക്ലിൻസ്മാൻ പറഞ്ഞു.

വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന സി ഗ്രൂപ്പിലാണ് ഇടം നേടിയിട്ടുള്ളത്. മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.

Rate this post
Lionel Messi