ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കെർക്ക് വേണ്ടിയുള്ള യുവന്റസ് പരിശീലകൻ പിർലോയുടെ അന്വേഷണങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായി. ക്ലബ് വിട്ട അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്ന്റെ സ്ഥാനത്തേക്കാണ് ഒരു താരത്തെ പിർലോ നോക്കി കൊണ്ടിരിക്കുന്നത്. റോമ താരം എഡിൻ സെക്കോ അനൗദ്യോഗികമായി യുവന്റസ് ടീമിൽ എത്തിച്ചു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത്കൊണ്ട് അവസാനിപ്പിക്കാൻ പിർലോ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ മറ്റൊരു സൂപ്പർ സ്ട്രൈക്കറെ കൂടി യുവന്റസ് ടീമിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ അത്ലെറ്റിക്കോ മാഡ്രിഡ് താരവും മുൻ യുവന്റസ് താരവുമായിരുന്ന അൽവാരോ മൊറാറ്റയാണ് ഇനി യുവന്റസിന്റെ മുന്നേറ്റനിരയിൽ ഉണ്ടാവുക. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
ലോണടിസ്ഥാനത്തിലായിരിക്കും താരം ലാലിഗയിൽ നിന്നും യുവന്റസിലേക്ക് എത്തുക. പിന്നീട് താരത്തെ വാങ്ങാനുള്ള ഓപ്ഷനും ഉണ്ടാവും. അത്ലെറ്റിക്കോ മാഡ്രിഡിൽ സ്ഥാനം കണ്ടെത്താനാവാതെ വിഷമിക്കുന്നതിനാലാണ് താരം ക്ലബ് വിട്ട് യുവന്റസിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. ജൂണിൽ മത്സരങ്ങൾ പുനരാരംഭിച്ച ശേഷം അത്ലെറ്റിക്കോ കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് താരം ബൂട്ടണിഞ്ഞത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പുറത്തിരിക്കേണ്ടി വരികയും ചെയ്തു. പലപ്പോഴും താരത്തേക്കാൾ ഡിയഗോ കോസ്റ്റക്കാണ് സിമിയോണി മുൻഗണന നൽകിയത്. ഇനി സുവാരസിന്റെ വരവോട് കൂടി സ്ഥാനങ്ങൾ ഇല്ലാതാവുമെന്ന കണ്ടെത്തൽ ആണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ പന്ത്രണ്ട് ലീഗ് ഗോളുകളാണ് താരം നേടിയത്. 2018-ലായിരുന്നു താരം അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. അതേ സമയം മുമ്പ് യുവന്റസിന് വേണ്ടി മൊറാറ്റ കളിച്ചിട്ടുണ്ട്. അന്ന് നിലവിലെ പരിശീലകനായ പിർലോ സഹതാരമായിരുന്നു. 63 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ യുവന്റസ് ജേഴ്സിയിൽ നേടാൻ താരത്തിനായിരുന്നു. രണ്ട് ലീഗ് കിരീടങ്ങൾ നേടാനും 2015-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താനും മൊറാറ്റ സഹായിച്ചിരുന്നു.ഏതായാലും റൊണാൾഡോക്കും ദിബാക്കുമൊപ്പം ഇനി മൊറാറ്റയും ഉണ്ടാവും