കൊവിഡ് മൂലം യുവന്റസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്ലബിൽ ആദ്യം പൊട്ടിച്ചെറിഞ്ഞത് സൂപ്പർതാരം റൊണാൾഡോയാണെന്ന് റിപ്പോർട്ടുകൾ. ക്ലബിലെ രണ്ടു സ്റ്റാഫുകൾക്കു കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യുവന്റസിന്റെ ട്രയിനിംഗ് മൈതാനത്തിന്റെ തൊട്ടടുത്തുള്ള ജെ ഹോട്ടലിലായിരുന്നു താരങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇറ്റാലിയൻ ക്ലബ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ റൊണാൾഡോ മറികടക്കുകയായിരുന്നു.
സ്റ്റാഫുകൾക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് യുവന്റസ് താരങ്ങൾക്ക് രണ്ടു തവണ കൊവിഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രൊട്ടോക്കോൾ പ്രകാരം മൂന്നു തവണ കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. അതിനു നിന്നാൽ പോർച്ചുഗലിനൊപ്പം കളിക്കാൻ കഴിയില്ലെന്നതു കൊണ്ടാണ് റൊണാൾഡോ ഹോട്ടലിലെ ഐസൊലേഷൻ നിയന്ത്രണങ്ങളെ മറികടന്നത്.
യുവന്റസ് ഡയറക്ടർമാരുടെയും സഹതാരങ്ങളുടെയും മുന്നിൽ വച്ച് റൊണാൾഡോ ക്ലബിന്റെ തീരുമാനത്തിനെതിരെ ശബ്ദമുയർത്തി എന്നും ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡല്ല സ്പോർട് റിപ്പോർട്ടു ചെയ്യുന്നു. അതിനു ശേഷം ഹോട്ടൽ വിട്ട താരം പോർച്ചുഗലിലേക്കു തിരിക്കുകയും സ്പെയിനെതിരായ സൗഹൃദ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം റൊണാൾഡോയുടെ പാത പിന്തുടർന്ന് ഡിബാല, ക്വാഡ്രാഡോ, ഡാനിലോ, ബെൻറാംഗുർ, ഡെമിറൽ എന്നിവരും ദേശീയ ടീമിനൊപ്പം ചേരാൻ യുവൻറസ് വിട്ടു. അതേ സമയം ബുഫൺ തന്റെ വീട്ടിലേക്കാണു തിരിച്ചു പോയത്. മറ്റു താരങ്ങൾ ഇപ്പോഴും ഐസൊലേഷനിലാണ്.