ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം മൈതാനത്ത് യുവന്റസ് ബാഴ്സയോട് തോൽവി രുചിച്ചിരുന്നു. ഇതോടെ ഈ സീസണിൽ യുവന്റസ് തങ്ങളുടെ മോശം ഫോം തുടരുകയാണ്. അവസാനമായി കളിച്ച മൂന്ന് സിരി എ മത്സരത്തിലും വിജയിക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നില്ല. മൂന്നും സമനിലയിൽ കലാശിക്കുകയായിരുന്നു.
ഈ സീസണിൽ തങ്ങളുടെ പ്രകടനം മോശമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവന്റസ് താരം ഡാനിലോ. ഇന്നലത്തെ മത്സരത്തിന് ശേഷം സ്കൈ സ്പോർട്ട് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സീസണിൽ മുഴുവൻ സമയവും ഒരൊറ്റ മത്സരം പോലും നല്ല രീതിയിൽ യുവന്റസ് കളിച്ചിട്ടില്ല എന്നാണ് ഡാനിലോ കുറ്റസമ്മതം നടത്തിയത്.
” ഞങ്ങൾ ഒത്തിണക്കത്തോടെയാണ് കളിച്ചത്. എന്നാൽ മത്സരം വിജയിക്കാൻ വേണ്ട ഒരു അഗ്രഷൻ ഞങ്ങൾക്കില്ലായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ബാഴ്സയെ പോലെയൊരു ടീമിനെ നേരിടുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മത്സരത്തിൽ ഞങ്ങൾക്ക് ചില നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ഇതുവരെ ഈ സീസണിൽ ഒരൊറ്റ മത്സരം പോലും മുഴുവൻ സമയവും നല്ല രീതിയിൽ കളിച്ചിട്ടില്ല ” ഡാനിലോ തുടർന്നു.
” ഞങ്ങൾ പുരോഗതി പ്രാപിക്കേണ്ടതുണ്ട്. എപ്പോഴും ഒരടി മുന്നോട്ട് വെക്കേണ്ടതുണ്ട്. മാനസികമായി കരുത്ത് കൈവരിക്കേണ്ടതുണ്ട്. ചില പ്രത്യേകസാഹചര്യങ്ങളിൽ അത് നിർണായകമാണ്. കരുത്തരായ ടീമുകൾക്കെതിരെ അത് വളരെയധികം പ്രാധാന്യമുള്ളതാണ്. ഞങ്ങൾക്ക് പരീക്ഷണങ്ങൾ ആവിശ്യമുണ്ട്. പക്ഷെ അതോടൊപ്പം തന്നെ നല്ല മത്സരഫലങ്ങളും ആവിശ്യമാണ്. ഞങ്ങൾ തീർച്ചയായും അടുത്ത മത്സരം വിജയിക്കാൻ വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണം ” ഡാനിലോ പറഞ്ഞു.