പ്രീമിയർ ലീഗ് വമ്പന്മാരായ എവർട്ടൺ ജുവെന്റ്സിന്റെ പ്ലേയ് മേക്കറായ അഡ്രിയൻ റാബിയോട്ടിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഫ്രഞ്ച് താരത്തെ കുറച്ചു ദിവസങ്ങൾക്കു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബയ്ക്ക് പകരമായി ജുവെന്റ്സ് ഓഫർ ചെയ്തിരുന്നു. സീസണിൽ താളം കണ്ടെത്തുവാൻ പാട് പെടുന്ന റാബിയോട്ട് തിളങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ജുവെന്റ്സിനായി ഈ സീസണിൽ 33 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും 2 അസിസ്റ്റുകളും നേടിയിട്ടുണ്ട്. താരം സ്ഥിരത കണ്ടെത്തുന്നതിൽ പ്രയാസപ്പെടുന്നത് കാരണം ആന്ദ്രേ പിർലോയ്ക്ക് സീസൺ അവസാനത്തോടെ ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഒരു ഡിഫെൻസിവ് മിഡ്ഫീൽഡർ എന്ന നിലയിൽ താരം കളത്തിൽ നല്ല പോരാട്ടമാണ് നടത്തുന്നത്. താരത്തിന്റെ പാസിംഗ് കൃത്യത 90.3%ത്തിൽ നിൽക്കുമ്പോൾ ഓരോ കളികളിലും ശരാശരി 2.1 ട്ടാക്കിൾ, 1.3 ഇന്റർസെപ്ഷൻ, 1.0 ക്ലിയറൻസ്, 1.1 ഡ്രിബിളും താരത്തിന്റെ പേരിലുണ്ട്.
നിലവിൽ റാബിയോട്ടിന് ജുവെന്റ്സുമായി 2023 വരെ കരാറുണ്ട്, അതുകൊണ്ട് തന്നെ ഗൂഡിസൺ പാർക്കിലേക്ക് താരത്തെ എത്തിക്കണമെങ്കിൽ എവർട്ടണ് നല്ലൊരു തുക താരത്തിന് ഓഫർ ചെയ്യേണ്ടി വരും. 25കാരനായ ഫ്രഞ്ച് താരത്തിന് യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരുടെ നിലവാരത്തിലേക്കുയരാൻ ഇനിയും സമയമുണ്ട്. മധ്യനിരയിൽ റാബിയോട്ടിന്റെ സാന്നിധ്യം നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിയും. പന്തവകാശം സൂക്ഷിക്കുന്നതിലും എതിരാളികളുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്നതിലും ഏറെ സാമർഥ്യം കാണിക്കുന്ന താരം മുന്നേറ്റ നിരയ്ക്ക് പിന്തുണ നൽകുന്നതിലും ഒട്ടും മോശമല്ല.
താരത്തിന്റെ നിലാവാരവും പരിച്ചയാസമ്പത്തും എവർട്ടണ് നല്ലൊരു മുതൽക്കൂട്ടായേക്കും. പക്ഷെ താരത്തെ ടീമിൽ എത്തിക്കണമെങ്കിൽ എവർട്ടൺ നന്നായി പദ്ധതികൾ മെനെയേണ്ടതുണ്ട്. സീസൺ അവസാനത്തോടെ പോഗ്ബയ്ക്ക് പകരം ജുവെന്റ്സ് റാബിയോട്ടിനെ ഓഫർ ചെയ്ത സാഹചര്യത്തിൽ എവർട്ടൺ താരത്തെ എങ്ങനെ ടീമിലെത്തിക്കുമെന്ന് കാത്തിരുന്ന് കാണാം.