ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യ ലെഗ് പോരാട്ടത്തിൽ ചെൽസിക്ക് ജയം. ഫ്രഞ്ച് ക്ലബ് ലീലിനെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ചെൽസി കീഴടക്കിയത്.തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ ഹക്കിം സിയേഷിന്റെ കോർണറിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ എട്ടാം മിനിറ്റിൽ തന്നെ കയ് ഹാവെർട്സ് ചെൽസിക്ക് ലീഡ് സമ്മാനിച്ചു. സൂപ്പർ സ്ട്രൈക്കർ റൊമേലു ലുകാകുവിനെ മറികടന്ന് ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ച ഹാവെർട്സ് കോച്ച് ടുക്കൽ തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചു.
ഗോൾ വഴങ്ങിയെങ്കിലും ചെൽസിക്കെതിരെ മികച്ച പ്രകടനം തുടർന്ന ലിയെലിന് പക്ഷെ ഗോൾ മാത്രം കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് ക്രിസ്ത്യൻ പുലിസിക്കിന്റെ ഗോളിൽ ചെൽസി ലീഡ് വർധിപ്പിച്ചത് . 63 ആം മിനുട്ടിൽ എൻഗോളോ കാന്റെയുടെ അസിസ്റ്റിൽ നിന്ന് അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിക്കാണ് ചെൽസിയുടെ രണ്ടാം ഗോൾ സ്വന്തമാക്കിയത്.എൻഗോളോ കാന്റെയാണ് മാൻ ഓഫ് ദി മാച്ച്.രണ്ടാം ലെഗ് മത്സരം അടുത്ത മാസം ഫ്രാൻസിൽ അരങ്ങേറും.
Christian Pulisic with Chelsea’s second goal… 👏
— LDN (@LDNFootbalI) February 22, 2022
N’Golo Kanté’s assist! 🤩 pic.twitter.com/8NCA34igVi
മറ്റൊരു പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിയ്യ റയൽ യുവന്റസിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.ദുസാൻ വ്ലാഹോവിച്ചിന്റെ ഗോളിൽ ആദ്യ മിനിറ്റിൽ തന്നെ യുവന്റസ് ലീഡ് നേടി. വ്ലാഹോവിച്ചിന്റെ ചാമ്പ്യൻസ് ലീഗിലെ കന്നി ഗോളായിരുന്നു ഇത്. എന്നാൽ, തുടക്കത്തിൽ തന്നെ ലഭിച്ച ആനുകൂല്യം മുതലാക്കാൻ യുവന്റസിന് സാധിച്ചില്ല. കൂടുതൽ പൊസെഷനും അവസരങ്ങളും വിയ്യാറയലിനൊപ്പം ആയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് 66 ആം മിനിറ്റിൽ ഡാനി പരേഹോ സ്പാനിഷ് ക്ലബിന്റെ അർഹിച്ച സമനില ഗോൾ സ്വന്തമാക്കി.
കഴിഞ്ഞ രണ്ട് സീസണുകളിൽ ലിയോണിനോടും എഫ്‌സി പോർട്ടോയോടും 16-ാം റൗണ്ടിൽ പുറത്തായ യുവന്റസ് ഈ സീസണിൽ മുന്നേറാം എന്ന വിശ്വാസത്തിലാണ്.” ഗോൾ നേടിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ വിജയം നേടാനാകാത്തതിൽ നിരാശയുണ്ടെന്നും സമനിലയ്ക്ക് ശേഷം സംസാരിച്ച വ്ലാഹോവിച്ച് പറഞ്ഞു.മാർച്ച് 16 ന് യുവിന്റെ അലയൻസ് സ്റ്റേഡിയത്തിലാണ് മടക്ക മത്സരം.