ദേശീയ ടീമിനായി കളിക്കാൻ ഇന്ത്യൻ വംശജരായ 24 കളിക്കാരുമായി ചർച്ചകൾ ആരംഭിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) | Indian Football

ദേശീയ ടീമിൽ കളിക്കാനായി ഇന്ത്യൻ വംശജരെ (പിഐഒ) തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ഇന്ത്യൻ വംശജരായ 24 കളിക്കാരെ ഉടൻ സമീപിക്കുമെന്നും പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.

ഇന്ത്യൻ ടീമിലേക്ക് പിഐഒ കളിക്കാരെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ദേശീയ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് നേരത്തെ തന്നെ വാദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ നിയമം ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ അത് എളുപ്പമുള്ള കാര്യമായിരുന്നില്ല.പിഐഒ കളിക്കാർക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണമെങ്കിൽ ഇന്ത്യൻ പൗരത്വം എടുക്കണം. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരാൾ 12 മാസം ഇന്ത്യയിൽ താമസിക്കുകയും വേണം.

“ഞങ്ങൾ ലോകമെമ്പാടും കളിക്കുന്ന 24 PIO കളിക്കാരെ സമീപിക്കാൻ നോക്കുകയാണ്. എന്നാൽ ഇരട്ട പൗരത്വത്തിന്റെ പ്രശ്‌നമുണ്ടെന്ന് നിങ്ങൾക്കറിയാം (ഇന്ത്യയ്‌ക്കായി കളിക്കാൻ അനുവദിക്കുന്നില്ല). അതിനാൽ കേന്ദ്രസർക്കാരിന്റെ ചട്ടക്കൂടിനുള്ളിൽ ഇത് എങ്ങനെ ചെയ്യാനാകും എന്ന് നോക്കേണ്ടതുണ്ട്”കളിക്കാരുടെ പേരുകൾ വെളിപ്പെടുത്താതെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.”ഞങ്ങൾ ഈ വിഷയത്തിൽ ആഭ്യന്തര ചർച്ചകൾ നടത്തുകയാണ്, കൂടുതൽ വ്യക്തത വന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും” അദ്ദേഹം കൂട്ടിച്ചേർത്തു.

ബോബ് ഹൗട്ടൺ ഇന്ത്യയുടെ പരിശീലകനായിരിക്കെ മൈക്കൽ ചോപ്രയെപ്പോലുള്ളവരെ ഇന്ത്യ സമീപിച്ചിരുന്നു. എന്നാൽ നിയമത്തിന്റെ നൂലാമാലകൾ PIO കളിക്കാരുടെ എല്ലാ പ്രതീക്ഷകളെയും തകർത്തു.അവർ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഇന്ത്യൻ പൗരന്മാരാകണം എന്നായിരുന്നു അധികൃതരുടെ നിലപാട്.

പിഐഒ, ഒസിഐ കാർഡ് ഉടമകൾ വിദേശ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പാസ്‌പോർട്ടുകൾ നേടിയില്ലെങ്കിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സർക്കാർ അയോഗ്യരാക്കി. പിഐഒയെയും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യയെയും (ഒസിഐ) യും സംബന്ധിച്ച ചർച്ചകൾ ദീര്ഘകാലാലമായി ഇന്ത്യൻ ഫുട്ബോളിൽ നടന്നു കൊണ്ടിരിക്കുന്നതാണ്.

3.5/5 - (6 votes)