കൊറോണ മൂലം ഫുട്ബോളിൽ കാണികളില്ലാതെ സ്റ്റേഡിയങ്ങളിൽ മത്സരങ്ങളിൽ തുടരുകയാണ്. ഇതു വരെയും ഫലപ്രദമായ വാക്സിൻ കണ്ടു പിടിക്കാനാവാത്തതും വലിയ പ്രതിസന്ധിയായി തുടരുകയാണ്. കാണികളില്ലാതെ മത്സരം തുടരുന്നുണ്ടെങ്കിലും വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഇതു വരുത്തിവെക്കുന്നതെന്നും ആശങ്കയുയർത്തുന്നുണ്ട്.
രണ്ടു വർഷം കൂടി ബാക്കിയുണ്ടെങ്കിലും ഇതു വരെയും വാക്സിൻ കണ്ടു പിടിക്കാൻ സാധിക്കാത്തതിനാൽ 2022 ഖത്തർ ലോകകപ്പിനെ ഇതു ബാധിക്കുമോയെന്നുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ അതിനു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിഫ പ്രസിഡന്റായ ജിയാനി ഇൻഫെന്റിനോ. വേൾഡ് കപ്പ് കാണികളില്ലാതെ നടത്തേണ്ടി വരുമെന്ന ആരോപണത്തെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് അദ്ദേഹം.
“2022 ലോകകപ്പ് കാണികളില്ലാതെ നടത്തുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാനെ സാധിക്കില്ല. ഇത്രയും വലിയ ഒരു ടൂർണമെന്റ് കാണികളില്ലാതെ നടത്തുമ്പോൾ അത് ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ലോകകപ്പ് ഖത്തറിൽ വെച്ചു തന്നെ നടക്കുമെന്നതിൽ ഒരു സംശയവുമില്ല. മഹാമാരിയെ ആ സമയം കൊണ്ടു തടയാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”
“ലോകസമൂഹം 2022 വിന്ററിന് മുമ്പേ അത് നേടിയെടുക്കും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെ ഫുട്ബോൾ മത്സരങ്ങൾ ഇങ്ങനെ നിർത്തി വെക്കേണ്ടി വരുന്നത്. ഈ സാഹചര്യം വലിയ ബുദ്ദിമുട്ടു തന്നെയാണ് ഫുട്ബോളിനു ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കാണികളിൽ നിന്നുമുള്ള വരുമാനത്തിൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക്. ” ഇൻഫെന്റിനോ വ്യക്തമാക്കി.