ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് വിറ്റൊഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് മിഡ്ഫീൽഡർ ങ്കോളോ കാന്റെ. ഇരുപത്തിയൊമ്പതുകാരനായ ഈ താരം ഈ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം ബുദ്ദിമുട്ടിയിരുന്നു. മാത്രമല്ല പുതിയ ഒരുപാട് താരങ്ങളെ ഈ ട്രാൻസ്ഫറിൽ ചെൽസി വാങ്ങികൂട്ടുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറണം എന്നായിരുന്നു ചെൽസിയുടെ ഉദ്ദേശം.
മാത്രമല്ല വമ്പൻ തുകയും താരത്തിനായി ചെൽസി കണ്ടുവെച്ചിരുന്നു. എൺപത് മില്യൺ പൗണ്ട് ആയിരുന്നു താരത്തിനായി ചെൽസി വിലയിട്ടിരുന്നത്. കാന്റെയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാന് താല്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ചെൽസിയുടെയും കാന്റെയുടെയും മുൻ പരിശീലകൻ ആയിരുന്നു അന്റോണിയോ കോന്റെക്ക് അതീവതാല്പര്യമായിരുന്നു താരത്തോട്. 2016-ൽ ലെയ്സെസ്റ്റർ സിറ്റിയിൽ നിന്ന് കാന്റെ ചെൽസിയിൽ എത്തുമ്പോൾ കോന്റെയായിരുന്നു പരിശീലകൻ.എന്നാൽ ഇപ്രാവശ്യം ആ നീക്കം നടന്നില്ല.
ചെൽസി വിടാൻ തനിക്ക് ഉദ്ദേശമില്ലെന്ന് കാന്റെ അറിയിച്ചിരിക്കുകയാണ്. താരത്തിന് വേണ്ടി ഇന്റർമിലാൻ ഓഫറുമായി സമീപിച്ചിരുന്നുവെങ്കിലും താരം തന്നെ അത് നിരസിക്കുകയായിരുന്നു. ചെൽസിയിൽ തന്നെ തുടരാനും തന്റെ സ്ഥാനത്തിനായി പൊരുതാനുമാണ് കാന്റെയുടെ തീരുമാനം. പുതിയ താരങ്ങളായ ഹാകിം സിയെച്ച്, വെർണർ, സിൽവ, മലങ് സർ, ചിൽവെൽ എന്നിവരൊക്കെ ചെൽസിയിൽ എത്തിയ സ്ഥിതിക്ക് താരത്തെ ആവിശ്യമില്ല എന്നായിരുന്നു ലംപാർഡിന്റെ നിലപാട്.കൂടാതെ താരത്തെ വിൽക്കാൻ സാധിച്ചാൽ ആ പണം കൊണ്ട് ഹാവെർട്സിനേയും പുതിയ ഗോൾകീപ്പറെയും എത്തിക്കാം എന്ന കണക്കുക്കൂട്ടലിലായിരുന്നു താരം.
അതേ സമയം പ്രീമിയർ ലീഗിൽ നിന്ന് താരങ്ങളെ റാഞ്ചുന്നതിൽ അതിവിദഗ്ദനാണ് ഇന്റർ പരിശീലകൻ കോന്റെ. അലക്സിസ് സാഞ്ചസ്, റൊമേലു ലുക്കാക്കു, ക്രിസ്ത്യൻ എറിക്സൺ, ആഷ്‌ലി യങ്, വിക്ടർ മോസെസ് എന്നിവരെയൊക്കെ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്നും കോന്റെ ടീമിൽ എത്തിച്ചിരുന്നു.