ക്രിസ്റ്റ്യാനോ റൊണാൾഡോ കാണിച്ചുതന്ന വഴിയിലൂടെ ഇവിടെയെത്തിയെന്ന് കരീം ബെൻസെമ

സൗദി പ്രോ ലീഗ് ലോകത്തിലെ മികച്ച ഫുട്ബോൾ ലീഗുകളിൽ ഒന്നായി മാറ്റാൻ മികച്ച തയ്യാറെടുപ്പുകൾ നടത്തുകയാണ് സൗദി അറേബ്യ രാജ്യവും അവിടെയുള്ള ക്ലബ്ബുകളുമെല്ലാം. അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നതിന് പിന്നാലെ നിരവധി വമ്പൻ യൂറോപ്യൻ താരങ്ങളെയാണ് ലീഗിലേക്ക് കൊണ്ടുവരാൻ സൗദി ക്ലബ്ബുകൾ നീക്കം നടത്തുന്നത്.

ഏറ്റവും ഒടുവിലായി റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരവും നിലവിലെ ബാലൻ ഡി ഓർ ജേതാവുമായ കരീം ബെൻസെമയുടെ സൈനിങ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ ഇതിഹാദ്. ഇത്തവണ സൗദി പ്രോ ലീഗ് കിരീടം നേടിയതും അൽ ഇതിഹാദ് തന്നെയാണ്.

2025 വരെ വർഷത്തിൽ 200മില്യൺ യൂറോ സാലറിക്കൊപ്പം നിരവധി ആകർഷകമായ ഡീലുകൾ ഓഫർ ചെയുന്ന സൗദി ക്ലബ്ബിനൊപ്പം കരീം ബെൻസെമ സൈൻ ചെയ്ത വിവരം ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപനം വന്നിട്ടുണ്ട്. ഒഫീഷ്യൽ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച കരീം ബെൻസെമ തന്റെ സുഹൃത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചും സൗദി ലീഗിനെ കുറിച്ചും സംസാരിച്ചു.

“അൽ ഇത്തിഹാദ് എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്. ഇതൊരു നല്ല ലീഗാണ് ധാരാളം നല്ല കളിക്കാർ ഇവിടെയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനകം ഇവിടെയുണ്ട്, സൗദി അറേബ്യ മുന്നേറാൻ തുടങ്ങിയിരിക്കുന്നുവെന്ന് കാണിച്ചുതന്ന ഒരു സുഹൃത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്പിൽ വിജയിച്ചതുപോലെ ഞാൻ ഇവിടെയും വിജയിക്കാൻ ആഗ്രഹിക്കുന്നു.” – കരീം ബെൻസെമ പറഞ്ഞു.

കഴിഞ്ഞ സീസണിൽ സൗദി ക്ലബ്ബായ അൽ നസ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സീസണിൽ ഒരു കിരീടത്തിലേക്ക് പോലും തന്റെ ടീമിനെ നയിക്കാൻ കഴിഞ്ഞിട്ടില്ല. കരീം ബെൻസെമയും കൂടുതൽ യൂറോപ്യൻ സൂപ്പർ താരങ്ങളും കൂടി സൗദിയിൽ എത്തുന്നതോടെ സൗദി പ്രോ ലീഗ് ലോകത്തിലെ മികച്ച ലീഗുകളിൽ ഒന്നിലേക്ക് പതിയെ നീങ്ങുകയാണ്.

2.9/5 - (23 votes)
Karim Benzema