ലാലിഗയിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച താരമാണ് മുൻ ബാഴ്സലോണ താരം ലയണൽ മെസ്സി. സ്പാനിഷ് താരങ്ങൾ ആധിപത്യം പുലർത്തിയിരുന്ന ലാലിഗയിൽ ബാഴ്സലോണയ്ക്കൊപ്പമുള്ള 17 വർഷത്തെ കരിയറിൽ മറ്റൊരു ഫുട്ബോൾ താരത്തിനും നേടാനാകാത്ത നേട്ടങ്ങളാണ് അർജന്റീനിയൻ താരം ലയണൽ മെസ്സി നേടിയത്. വർഷങ്ങൾക്ക് മുമ്പ് ലയണൽ മെസ്സി നേടിയ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസെമ.
2004-ലാണ് ലയണൽ മെസ്സി ബാഴ്സലോണയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2021-ൽ ബാഴ്സലോണ വിടുന്നതുവരെ ലയണൽ മെസ്സി 520 മത്സരങ്ങൾ ലാ ലിഗയിൽ കളിച്ചിട്ടുണ്ട്. ബാഴ്സലോണയിൽ 383 ലാ ലിഗ മത്സരങ്ങളിൽ ലയണൽ മെസ്സി വിജയിച്ചിട്ടുണ്ട്. 300 ലധികം ലാ ലിഗ വിജയങ്ങൾ നേടിയ ഏക സ്പാനിഷ് ഇതര കളിക്കാരനായിരുന്നു ലയണൽ മെസ്സി.
ഇപ്പോൾ കരീം ബെൻസെമ ഈ നാഴികക്കല്ല് നേടിയിരിക്കുന്നു. ഫ്രഞ്ച് സ്ട്രൈക്കർ ബെൻസെമ തന്റെ 300-ാം ലാലിഗ വിജയം എൽച്ചെക്കെതിരായ റയൽ മാഡ്രിഡിന്റെ സമീപകാല വിജയത്തിൽ ആഘോഷിച്ചു. ഇതോടെ 300 ലാലിഗ വിജയങ്ങൾ നേടുന്ന രണ്ടാമത്തെ സ്പാനിഷ് ഇതര താരമായി ബെൻസെമ മാറി. 2009ലാണ് ബെൻസിമ റയൽ മാഡ്രിഡിൽ എത്തുന്നത്.
Karim Benzema joins Lionel Messi as the only other non-Spanish player to win 300 La Liga games 👏🔥 pic.twitter.com/D4C4hKUqEA
— LiveScore (@livescore) October 20, 2022
റയൽ മാഡ്രിഡിൽ തുടരുന്ന ബെൻസീമ ഇതിനകം 422 ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരത്തിന് ഇപ്പോൾ 300 ലാ ലിഗ വിജയങ്ങളുണ്ട്.റയൽ മാഡ്രിഡുമായുള്ള കരാറിൽ ബെൻസെമയ്ക്ക് രണ്ട് വർഷം ബാക്കിയുണ്ടെങ്കിലും, ഒരു സ്പാനിഷ് ഇതര കളിക്കാരന്റെ ഏറ്റവും കൂടുതൽ ലാ ലിഗ വിജയങ്ങൾ നേടിയ ലയണൽ മെസ്സിയുടെ റെക്കോർഡ് ബെൻസിമ മറികടക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം.