വെടിച്ചില്ല് ഗോളുകൾ; അരങ്ങേറ്റ ഗോളുമായി ബെൻസീമയും മിട്രോവിച്ചും; വീഡിയോ കാണാം

സൗദി പ്രൊ ലീഗിൽ അരങ്ങേറ്റ ഗോളുമായി കരിം ബെൻസീമയും മിട്രോവിച്ചും. ഇന്ന് അൽ റിയാദിനെ നേരിട്ട ബെൻസീമയുടെ ഇത്തിഹാദ് എതിരില്ലാത്ത 4 ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 17 ആം മിനുട്ടിൽ റൊമാരിനോ നൽകിയ അസിസ്റ്റിൽ ബെൻസീമയാണ് ഇത്തിഹാദിനെ മുന്നിലെത്തിച്ചത്.

ബെൻസീമയുടെ സൗദി പ്രൊ ലീഗിലെ ആദ്യ ഗോളാണ് ഇത്. വിജയത്തോടെ ഇത്തിഹാദ് മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ സീസണിലെ പ്രൊ ലീഗ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ടീമെന്ന റെക്കോർഡ് ഇത്തിഹാദ് ഈ മത്സരത്തിലും ഭദ്രമാക്കി.

ഇന്ന് അൽ ഹിലാലിനായി അരങ്ങേറ്റം കുറിച്ച മിട്രോവിച്ചും സൗദിയിലെ തന്റെ അരങ്ങേറ്റ ഗോൾ നേടി. അൽ റയീദിനെ നേരിട്ട അൽ ഹിലാലും എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 42 ആം മിനുട്ടിൽ റുബൻ നെവാസിന്റെ അസിസ്റ്റിലാണ് മിട്രോവിച്ച് അരങ്ങേറ്റം ഗോൾ നേടിയത്. ഹിലാലിനായി അൽ ദസരി ഇരട്ടഗോളുകളും ഹംദാൻ ഒരു ഗോളും നേടി. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി അൽ ഹിലാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

അൽ ഹിലാലിൽ സൂപ്പർ താരം നെയ്മറും കൂടിയെത്തുന്നതോടെ ടീം ശക്തമാവും. അൽ ഹിലാലിനൊപ്പം ചേർന്നെങ്കിലും നെയ്മർ ഇത് വരെ അൽ ഹിലാലിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. താരത്തിന്റെ പരിക്കാണ് കാരണം. സെപ്റ്റംബറിൽ താരത്തിന്റെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

Rate this post