മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ പിഎസ്ജിയുടെ ഗോളടിയന്ത്രമാണ് ഉറുഗ്വായൻ സൂപ്പർതാരം എഡിൻസൺ കവാനി. ക്വാറന്റൈൻ കഴിഞ്ഞു അടുത്തിടെ യുണൈറ്റഡ് ടീമംഗങ്ങളോടൊപ്പം താരം പരിശീലനം ആരംഭിച്ചിരുന്നു. ന്യൂകാസിൽ യുണൈറ്റഡിനെതിരെ നേടിയ വമ്പൻ വിജയത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്.
യുണൈറ്റഡിൽ കവാനിയുടെ അരങ്ങേറ്റം തന്റെ മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെയാണെന്നുള്ളത് മത്സരത്തിന് കൂടുതൽ സാവിശേഷത നൽകുന്നുണ്ട്. എന്നാൽ മുൻ പിഎസ്ജി കവാനിയെ യുണൈറ്റഡിൽ കളിക്കുന്നത് കാണുന്നതിൽ വലിയ വൈകാരികതയൊന്നും പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പെക്കില്ല. ഇപ്പോൾ അദ്ദേഹം ഞങ്ങളുടെ ഒപ്പമല്ലല്ലോ എന്നാണ് താരത്തിന്റെ പക്ഷം. ഒപ്പം യുണൈറ്റഡിനെ തോൽപ്പിക്കുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കവാനിയെ എതിർ ടീമിൽ കാണുന്നത് അസാധാരണമായി തോന്നിയോ എന്ന ചോദ്യത്തിന് അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു എംബാപ്പെ. “ഒരിക്കലുമില്ല. അദ്ദേഹമിപ്പോൾ മറ്റൊരു ടീമിലാണുള്ളത്. അദ്ദേഹത്തിനു നല്ലത് ആശംസിക്കുന്നു. എങ്കിലും അദ്ദേഹമിപ്പോൾ ഞങ്ങളിലൊരാളല്ല. ഞങ്ങൾ അദ്ദേഹത്തിനെതിരെ കളിക്കുകയും അവരെ തോൽപ്പിക്കാൻ ശ്രമിക്കുകയും തന്നെ ചെയ്യും.” എംബാപ്പെ സ്പാനിഷ് മാധ്യമമായ എഎസിനോട് അഭിപ്രായപ്പെട്ടു.
യുണൈറ്റഡുമായി ഉൾപ്പെട്ട ഗ്രൂപ്പ് പിഎസ്ജിക്ക് ഒരു കണക്കിന് പ്രതികാരത്തിനു കൂടിയുള്ള ഗ്രൂപ്പാണ്. അവസാനം ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം യുണൈറ്റഡിനായിരിന്നു. സ്വന്തം തട്ടകത്തിൽ അപ്രതീക്ഷിത തോൽവിയാണു പിഎസ്ജി ഏറ്റുവാങ്ങിയത്. അതിനുള്ള പ്രതികാരം ഇത്തവണ ഗ്രൂപ്പ് സ്റ്റേജിൽ വീട്ടാനാവുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.