“മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആവേശ പോരാട്ടങ്ങൾ” സൂപ്പർ സൺഡേയിൽ നിങ്ങൾ കാത്തിരിക്കുന്ന പോരാട്ടം ഏത് ?

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാഴ്ത്താൻ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിരവധി പോരാട്ടങ്ങൾ. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത് ഒന്നിലധികം മത്സരങ്ങൾ ആണ്. ഒക്ടോബർ 24 ഒരേ സമയം കായികപ്രേമികൾക്ക് വിരുന്നായി മാറുമ്പോൾ കൂടുതൽ പേർ കാത്തിരിക്കുന്ന മത്സരം ഏതാണെന്ന ചോദ്യം ബാക്കിയാവുകയാണ്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പോരാട്ടമായി വാഴ്തപ്പെടുന്ന സ്പാനിഷ് എൽക്ളാസിക്കോ കൃത്യം 7:45 ന് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യും. റയലും ബാഴ്സയും കൊമ്പുകോർക്കുമ്പോൾ പ്രവചനങ്ങൾ അസാധ്യം. എന്നാൽ സമീപകാലത്തെ പ്രകടനവും മുൻതൂക്കവും വച്ചു നോക്കുമ്പോൾ ഒരു പടി മുന്നിൽ റയൽ മാഡ്രിഡ് തന്നെയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ഫോമിലുള്ള ലിവർപൂളുമായി ഏറ്റുമുട്ടുമ്പോൾ ഫ്രഞ്ച് ലീഗിലെ മികച്ച പോരാട്ടമായ പി.എസ്.ജി , മാർസെയ്ൽ മത്സരവും നടക്കുന്നു. മെസ്സിയുടെ ആദ്യ ഫ്രഞ്ച് ലീഗ് ഗോൾ പിറക്കുമോ എന്നതും ഈ മത്സരത്തിന്റെ മറ്റൊരു സവിശേഷതയാണ്. അടുത്ത മത്സരം ഇറ്റാലിയൻ ലീഗിൽ യുവന്റസും ഇന്റർമിലാനും തമ്മിലാണ്. നിലവിൽ ഫോമിലേക്ക് തിരിച്ചെത്തിയ യുവന്റസിന് ഇന്റർമിലാൻ ഒരു വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.

ഒരു പക്ഷെ പ്രീമിയർ ലീഗിലെ പോരാട്ടം മറ്റുമത്സരങ്ങളെക്കാൾ ഒരു പടിമുന്നിൽ നിൽക്കാൻ സാധ്യത കൂടുതൽ ആണ്. ആരാധകർക്ക് കാണുവാൻ അനുയോജ്യമായ സമയത്താണ് ഇന്ത്യയിൽ മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഓൾഡ് ട്രാഫൊർഡിൽ വച്ചു നടക്കുന്ന മത്സരത്തിൽ ലിവർപൂളിന്റെ വിജയസാധ്യത കൂടുതൽ ആണെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 18 പോയിന്റുമായി പ്രീമിയർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് അവസാന ലീഗ് മാച്ചിൽ വരെ തോൽവിയേറ്റു വാങ്ങി ടേബിളിൽ 14 പോയിന്റുമായി എട്ടാം സ്ഥാനത്തു നിൽക്കുന്ന യുണൈറ്റഡ്‌ വലിയ വെല്ലുവിളിയല്ല. എന്നാൽ ചാമ്പ്യൻസ് ലീഗിലെ അവസാനമത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ യുണൈറ്റഡിനെ ഒരിക്കലും വിലകുറച്ചുകാണാനും ആരാധകർ തയ്യാറാവില്ല. തോൽവിയറിയാതെ മുന്നേറുന്ന ലിവർപൂൾ ത്രയത്തെ നേരിടാൻ യുണൈറ്റഡ്‌ ഡിഫൻസ് പാടുപെടും എന്നതിൽ സംശയമില്ല. എന്നാൽ പരിക്കിന്റെ പിടിയിലും ക്രിസ്റ്റ്യാനോയെ മുൻനിർത്തി യുണൈറ്റഡ്‌ ഇറങ്ങുമ്പോൾ എതിരാളികളുടെ ഭയം വർധിക്കും.

ലയണൽ മെസ്സിയുടെ ആദ്യ ലീഗ് ഗോൾ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഫ്രഞ്ച് ലീഗ് മത്സരം എന്തു കൊണ്ടും ഒരു വിരുന്ന് തന്നെയായിരിക്കും. താരതമ്യേന ഫൗളുകൾ കൊണ്ട് പ്രശസ്തമായ ഫ്രഞ്ച് ലീഗിൽ ഇതേ പോരാട്ടത്തിൽ കഴിഞ്ഞ തവണ പുറത്തെടുത്ത കാർഡുകൾ കണ്ടാൽ ഏവരും ഭയപ്പെടും. ഒന്നാം സ്ഥാനത്ത്‌ ഉള്ള പി.എസ്.ജി യും മൂന്നാം സ്ഥാനത്തുള്ള മാർസെയ്‌ലും ഏറ്റുമുട്ടുന്നത് ഇന്ത്യൻ സമയം രാത്രി 12 ന് ശേഷമാണ്. ഇറ്റാലിയൻ ലീഗ് പോരാട്ടവും ഇതേ സമയം തന്നെയാണ്.ഇന്റർമിലാൻ മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോൾ സീസണിലെ മോശം തുടക്കവുമായി വന്ന യുവൻറ്റസ് ഏഴാം സ്ഥാനത്ത് ആണ്.

എക്കാലത്തെയും മികച്ച പോരാട്ടമായി വാഴ്ത്തപ്പെടുന്ന എൽക്ളാസിക്കോയുടെ മത്സരഫലം ലോകം ഉറ്റുനോക്കാൻ പോകുന്ന മറ്റൊരു വസ്തുതയാണ്.ഏത് പോരാട്ടമെടുത്താലും ലോകത്തെ എക്കാലത്തെയും മികച്ച പോരാട്ടം സ്പാനിഷ് എൽക്ളാസിക്കോ ആയ റയൽ ബാഴ്സ പോരാട്ടം തന്നെയായിരിക്കും എന്ന് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസിമ ഈയിടെ അഭിപ്രയപ്പെട്ടിരുന്നു. നിലവിൽ ടേബിളിൽ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ബാഴ്‌സലോണ ഏഴാമതാണ്.ലയണൽ മെസ്സിയുടെ ക്ലബ് മാറ്റത്തിന് ശേഷം തകർന്നടിഞ്ഞ ബാഴ്‌സലോണയുടെ സ്ഥിതി എന്താവുമെന്ന് കണ്ടു തന്നെ അറിയാം. എന്തായാലും ആരാധകർക്ക് കാത്തിരിക്കാം, സൂപ്പർ സൺഡേയിൽ നിങ്ങളുടെ ആവേശപ്പോരാട്ടത്തിനായി.

Rate this post