ഐഎസ്എൽ പത്താം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ബംഗളുരു എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി. ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ചില മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. മാക്സിമസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഷാർജ എഫ്സിയുമായുള്ള പ്രീ സീസൺ മത്സരത്തിൽ ലെസ്കോയ്ക്ക് പരിക്കേറ്റിരുന്നു.
പരിക്കേറ്റ ലെസ്കോ കളം വിടുകയും ചെയ്തിരുന്നു. പിന്നീട് താരത്തിന് ഗുരുതര പരിക്കുകൾ ഇല്ലെന്ന് ലിഗ്മെന്റിന് സംഭവിച്ച ചെറിയ വേദന കാരണം ഒരു മുൻ കരുതൽ എന്ന നിലയ്ക്കാണ് താരത്തെ പിൻവലിച്ചത് എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് താരം ആദ്യ ചില മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ല എന്ന റിപ്പോർട്ട് കൂടി പുറത്ത് വരുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കുന്തമുനയാണ് ലെസ്കോ. ലെസ്കോയുടെ അഭാവം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പ്രതിസന്ധിയിലാക്കും. അതേ സമയം ലെസ്കോ കളിക്കാതിരുന്നാൽ പകരം ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ടീമിൽ എത്തിച്ച മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിങ്കിച്ച് ലെസ്കോയ്ക്ക് പകരക്കാരനായി ഇറങ്ങും.
UPDATE 🚨
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) September 15, 2023
KBFC centre back Marko Leskovic might miss opening few matches due to an injury picked up in the pre-season#ISL10 #KBFC #Manjappada #MXM
മോണ്ടിനെഗ്രോയിലെ പ്രഥമ ഡിവിഷനിൽ 230 ഓളം മത്സരങ്ങൾ കളിച്ച് പരിചയമുള്ള ഡ്രിങ്കിച്ച് ഇതിനോടകം ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മത്സരങ്ങളിൽ കരുത്ത് തെളിയിച്ച താരമാണ്. അതിനാൽ ലെസ്കോയ്ക്ക് പകരം ഡ്രിങ്കിച്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കും.അതേ സമയം, പരിക്കേറ്റ ഡിമിത്രി ഡയമന്തക്കോസ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ചേർന്നെങ്കിലും താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി എപ്പോൾ കളത്തിലിറങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.