എവർട്ടണിൽ നിന്നും പിഎസ്ജിയിലേക്കു ലോൺ കരാറിൽ ചേക്കേറിയ ഇറ്റാലിയൻ സ്ട്രൈക്കർ മോയ്സ് കീൻ അടുത്ത സീസണിൽ തന്നെ ക്ലബിലേക്കു തിരിച്ചെത്തുമെന്ന കാര്യം സ്ഥിരീകരിച്ച് ടോഫീസ് പരിശീലകനായ കാർലോ ആൻസലോട്ടി. എവർട്ടണിൽ മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ട താരം സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസമാണ് പിഎസ്ജിയിലെത്തിയത്.
”ഞാൻ താരത്തോടു സംസാരിച്ചിരുന്നില്ല. എന്നാൽ, കീൻ രണ്ടു മത്സരങ്ങളിൽ നിന്നും നാലു ഗോളുകൾ നേടിയതു കണ്ടിരുന്നു. അതു താരത്തിനും ഞങ്ങൾക്കും പിഎസ്ജിക്കും ഗുണകരമാണ്.” പ്രീമിയർ ലീഗ് മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിൽ ആൻസലോട്ടി പറഞ്ഞു.
“കീനിനെ ലോണിൽ വിടാൻ അനുവദിച്ചതു കൂടുതൽ മത്സരപരിചയം വരാനാണ്. അദ്ദേഹം മികവു തെളിയിക്കുന്നതു കൊണ്ടു തന്നെ അടുത്ത സീസണിൽ താരം ക്ലബിലേക്കു തിരിച്ചെത്തും.” ഇറ്റാലിയൻ താരത്തിന്റെ ലോൺ കരാറിനെ കുറിച്ച് ആൻസലോട്ടി പറഞ്ഞു.
പിഎസ്ജിക്കു വേണ്ടി നാലു മത്സരങ്ങളിൽ നിന്നും നാലു ഗോളുകൾ ഇരുപതുകാരനായ താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മുപ്പതു ദശലക്ഷം യൂറോയോളം നൽകി എവർട്ടൺ സ്വന്തമാക്കിയ കീനിനു പ്രീമിയർ ലീഗിൽ തിളങ്ങാനാവാത്തതിനെ തുടർന്നാണ് ഒരു വർഷത്തെ ലോൺ കരാറിൽ താരം പിഎസ്ജിയിലെത്തിയത്.