ഐഎസ്എല്‍ നോക്ക് ഔട്ട് മത്സരത്തില്‍ ബെംഗളുരുവിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളാണ് ഉടലെടുത്തത്.മത്സരത്തിലുണ്ടായ വിവാദങ്ങളുടെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറി എടുത്ത തെറ്റായ തീരുമാനത്തിനെതിരെ ആദ്യം ടീം പ്രതിഷേധിച്ചെങ്കിൽ ഇപ്പോൾ ആ പ്രതിഷേധം മുന്നോട്ടു കൊണ്ടു പോകുന്നത് ആരാധകരാണ്.
സോഷ്യൽ മീഡിയ ഇതിനൊരു ഉപകരണമാക്കി മാറ്റി തങ്ങളുടെ പ്രതിഷേധം കൃത്യമായി ആരാധകർ അറിയിച്ചു കൊണ്ടേയിരിക്കുന്നു. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോൾ റഫറി വിധിച്ചതോടുകൂടിയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് മത്സരം കഴിയാൻ 24 മിനുട്ട് അവശേഷിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളം വിടുകയായിരുന്നു.അതിലെ ശിക്ഷാനടപടികൾ വൈകാതെ തന്നെ AIFF കൈക്കൊള്ളും. ആരാധകർ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് .
ബംഗളുരു താരം സുനിൽ ഛേത്രിയും ഇതിന്റെ ഫലം അനുഭവിക്കുകയുണ്ടായി. തങ്ങളുടെ അമർഷം താരത്തിന്റെ പ്രൊഫൈലിൽ പ്രകടിപ്പിച്ച ആരാധകർ അതിനു ശേഷം ഐഎസ്എല്ലിന് എതിരെയും തിരിയുകയുണ്ടായി. ഹാഷ്‌ടാഗുകൾ ഉൾപ്പെടെയുള്ള പ്രതിഷേധത്തിന് പുറമെ അൺഫോളോ ക്യാംപയിൻ ആരാധകർ ആരംഭിച്ചപ്പോൾ ഐഎസ്എൽ ഇൻസ്റ്റാ പേജിനു ഒരു ലക്ഷം ഫോളോവേഴ്‌സിനെ ഒറ്റ രാത്രി കൊണ്ട് നഷ്‌ടമായിരുന്നു.ഈ വിവാദം നടക്കുന്നതിനു മുൻപ് 4 ആയിരുന്നു ISL ആപ്ലിക്കേഷന്റെ റേറ്റിംഗ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായി കൊണ്ട് ഇപ്പോൾ റേറ്റിംഗ് 1 ആയിക്കൊണ്ട് താഴ്ന്നിട്ടുണ്ട്.
വലിയ ഇടിവ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തി വീണ്ടും വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗ് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.ബ്ലാസ്റ്റേഴ്സിന് നേരെ എന്തു തരം നടപടികളാണ് ഉണ്ടാവുക എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ കനത്ത നടപടികള്‍ എടുത്താല്‍ അത് ലീഗിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നതാണ് വാസ്തവം.അതേസമയം വലിയ പ്രതിഷേധം ആരാധകർ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ അധികൃതർ മടിച്ചു നിൽക്കെയാണ്.