സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി, ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടതായി സ്ഥിരീകരിച്ച് ക്ലബ് | Kerala Blasters

അസിസ്റ്റൻ്റ് കോച്ച് ഫ്രാങ്ക് ഡോവെൻ്റെ വിടവാങ്ങൽ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കളിക്കളത്തിനകത്തും പുറത്തും ഡോവൻ്റെ അർപ്പണബോധത്തിനും അഭിനിവേശത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് ഒരു പ്രസ്താവനയിൽ നന്ദി പറഞ്ഞു. അദ്ദേഹത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് ആശംസകളും നേർന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയെ നിയമിച്ചത്.

“ഫ്രാങ്കിൻ്റെ അർപ്പണബോധവും കളിയോടുള്ള അഭിനിവേശവും ഗ്രൗണ്ടിലും പുറത്തും പ്രകടമാണ്, അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു. ഫ്രാങ്ക് പുതിയ അവസരങ്ങളിലേക്ക് നീങ്ങുമ്പോൾ, അദ്ദേഹത്തിൻ്റെ ഭാവി ശ്രമങ്ങളിൽ മികച്ചതല്ലാതെ മറ്റൊന്നും ഞങ്ങൾ ആശംസിക്കുന്നു, ”കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞു.“ഫ്രാങ്ക്, കോച്ചിംഗ് തിങ്ക് ടാങ്കിൻ്റെ ഭാഗമായി നിങ്ങൾ നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി. നിങ്ങളുടെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു,” ബ്ലാസ്റ്റേഴ്‌സ് എക്‌സിൽ കുറിച്ചു.ബെല്‍ജിയന്‍ പരിശീലകനായ ഫ്രാങ്ക് ഡോവന്‍ 2022 ഓഗസ്റ്റ് നാലിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്.

ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടതായി സ്ഥിരീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. താരത്തിന്റെ രണ്ട് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് നന്ദി പറഞ്ഞു. നേരത്തെ ദിമിത്രിയോസ് തന്നെ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തെയാണ് ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ദിമി ആയിരുന്നു.

ദിമിത്രിയോസ് ഈസ്റ്റ് ബംഗാള്‍ എഫ്‌സിയിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രഖ്യാപനം. ഈസ്റ്റ് ബംഗാളില്‍ ദിമി ഒരു പ്രീ കോണ്‍ട്രാക്ട് എഗ്രിമെന്റ് സൈന്‍ ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം നാല് കോടി രൂപയോളം അദ്ദേഹത്തിന് സാലറി ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Rate this post
Kerala Blasters