ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോക്കൗട്ട് മല്‍സരം സ്വന്തം ഗ്രൗണ്ടില്‍ കളിക്കാമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. ഇന്നലെ നടന്ന കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച എ ടി കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എടികെ യുടെ ജയം.
നിലവില്‍ 19 മത്സരങ്ങളില്‍ 31 പോയിന്റുമായി ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ലീഗ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരു എഫ്‌സി 34 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ ജയിച്ചാല്‍ ബെംഗളൂരു, എടികെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്റ്റേഴ്സ് ടീമുകളുടെ പോയിന്റ് നേട്ടം തുല്യമാകും. അങ്ങനെ വന്നാല്‍ ഈ മൂന്ന് ടീമുകളും തമ്മില്‍ പരസ്പരം കളിച്ചപ്പോള്‍ നേടിയ പോയിന്റ് നേട്ടം കണക്കിലെടുത്താകും ലീഗിലെ സ്ഥാനങ്ങള്‍ തീരുമാനിക്കുക.
എടികെ ഈ സീസണില്‍ രണ്ട് തവണ ബ്ലാസ്റ്റേഴ്സിനെയും ഒരു തവണ ബെംഗളൂരു എഫ്‌സിയേയും പരാജയപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് പരസ്പരമുള്ള മത്സരങ്ങളില്‍ 9 പോയിന്റാണ് അവര്‍ക്കുള്ളത്. ബെംഗളൂരുവാകട്ടെ ഓരോ തവണ വീതം കേരള ബ്ലാസ്റ്റേഴ്സ്, എടികെ ടീമുകളെ വീഴ്ത്തിയതിനാല്‍ 6 പോയിന്റുണ്ട്. ബെംഗളൂരുവിനെ ഒരു തവണ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിനാകട്ടെ 3 പോയിന്റ്.അതായത് ലീഗ് ഘട്ടത്തില്‍ ഈ മൂന്ന് ടീമുകള്‍ക്കും ഒരേ പോയിന്റ് വന്നാല്‍ എടികെ മോഹന്‍ ബഗാന്‍ മൂന്നാമതും, ബെംഗളൂരു നാലാമതും, ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമാകും ഫിനിഷ് ചെയ്യുക. ഇങ്ങനെ വരുമ്പോള്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ എവേ ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരും.
ലീഗിൽ മൂന്നാമതും നാലാമതും ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് പ്ലേ ഓഫ് അവരുടെ സ്വന്തം ഹോം ഗ്രൗണ്ടിൽ കളിക്കാം. കേരള ബ്ലാസ്റ്റേഴ്സിന് ആ അവസരം ആണ് നഷ്ടമായത്. കേരളത്തിൽ ആയിരുന്നു പ്ലേ ഓഫ് എങ്കിലും അത് ടീമിന് വലിയ മുൻതൂക്കം നൽകിയേനെ. ടീമിന്റെ ഈ സീസണിലെ ഹോം ഫോം അത്രക്ക് മികച്ചതായിരുന്നു.എ ടി കെ മോഹൻ ബഗാൻ കൊൽക്കത്തയിൽ വെച്ച് ഒഡീഷയെയും നേരിടും. ഈ പ്ലേ ഓഫ് ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ സെമി ഫൈനലിലും നേരിടും.
The Road to #HeroISL 2022-23 Glory 🏆🤩#LetsFootball #HeroISLPlayoffs pic.twitter.com/j5smouLzdS
— Indian Super League (@IndSuperLeague) February 25, 2023
മുൻ സീസണുകളിൽ 4 ടീമുകളാണ് പ്ലേ ഓഫിൽ ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി 6 ടീമുകളായി അത് ഉയർന്നു. ലീഗ് ഘട്ടത്തിൽ ആദ്യ 6 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടുമ്പോൾ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്കാണ് പ്രവേശിക്കുക. ബാക്കിയുള്ള 4 ടീമുകൾക്ക് സെമിയിലെത്താൻ ഒരു നോക്കൗട്ട് മത്സരം കൂടി കളിക്കേണ്ടി വരും.പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിലും, 4, 5 സ്ഥാനക്കാർ തമ്മിലുമാകും നോക്കൗട്ട് പോരാട്ടം.