കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ 10-ാം ഐഎസ്എൽ സീസണിലും കിരീടമില്ലാതെ മടങ്ങിയിരിക്കുകയാണ്. അടുത്ത സീസണിന് തയ്യാറെടുക്കുന്ന ടീമിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സീനിയർ താരം തന്റെ ഫുട്ബോൾ കരിയറിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ കരഞ്ജിത്ത് സിംഗ് ആണ് ഫുട്ബോളിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 38-കാരനായ കരഞ്ജിത്ത് സിംഗ്, സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ, ഈ സീസൺ തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ സീസൺ ആയിരിക്കും എന്ന് അറിയിച്ചിരുന്നു.
2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ കരഞ്ജിത്ത് സിംഗ് ഈ സീസണിൽ ആണ് ആദ്യമായി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിൽ ഇറങ്ങിയത്. ജെസിടി-യിലൂടെ കരിയർ ആരംഭിച്ച കരഞ്ജിത്ത് സിംഗ്, സാൽഗോക്കർ, ചെന്നൈ സിറ്റി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐഎസ്എൽ പ്രഥമ സീസൺ മുതൽ 2021 വരെ ചെന്നൈയിൻ എഫ്സിയുടെ താരമായിരുന്നു കരഞ്ജിത്ത് സിംഗ്.
കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റപ്പോൾ,അദ്ദേഹത്തിന് പകരക്കാരനായി ആണ് കരഞ്ജിത്ത് സിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2008-2010 കാലഘട്ടത്തിൽ ഇന്ത്യ അണ്ടർ 23 ടീമിന്റെ ഭാഗമായിരുന്ന കരഞ്ജിത്ത് സിംഗ്, 2010-ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 17 മത്സരങ്ങളിൽ ഇന്ത്യയുടെ വല കാത്തിട്ടുണ്ട് കരഞ്ജിത്ത് സിംഗ്. 2015-ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്.