പ്ലെ ഓഫ് കാണാനായി ആരാധകർക്കായി ഫാൻ പാർക്ക് ഒരുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ആരാധകർക്ക് ഐ.എസ്.എല്‍ നോക്-ഔട്ട് മത്സരം ലൈവ് സ്ക്രീനിങ്ങ് ചെയ്യാൻ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എൽ) ഒഡീഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്-ഔട്ട് മത്സരമാണ് ഈ വരുന്ന ഏപ്രിൽ 19, വെള്ളിയാഴ്ച ജയന്റ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുക.

കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും, 5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കിൽ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും.

പതിനായിരത്തോളം ആരാധകർ ഒഡീഷ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്-ഔട്ട് മത്സരത്തിന്റെ ഫാൻ പാർക്ക് ലൈവ് സ്‌ക്രീനിങ്ങ് കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.എസ്.എല്‍ ചരിത്രത്തിൽ മറ്റൊരു ടീമിനും അവകാശപ്പെടാൻ ഇല്ലാത്ത, ഏറ്റവും മികച്ച ആരാധക കൂട്ടായ്മയാണ് കേരളാ ബ്ലാസ്റ്റേഴ്സിന് ഉള്ളത്. കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെയും മഞ്ഞപ്പട എന്ന ആരാധകക്കൂട്ടായ്മയുടെയും പേര് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കിടയിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കിടയിലും സുപരിചിതമാണ്.

ഇവാൻ വുക്കോമനോവിച്ചിന്റെ കീഴിൽ തുർച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ- ഓഫിൽ പ്രവേശിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന നോക്-ഔട്ട് മത്സരത്തിൽ ഒഡീഷ എഫ്സിയോട് ജയിച്ചാൽ സെമിഫൈനലിൽ മോഹൻ ബഗാനുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്പുകോർക്കും.

Rate this post
Kerala Blasters