ബംഗളുരുവിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് , പ്ലെ ഓഫിനായി ഇനിയും കാത്തിരിക്കണം |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളുരു ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.റോയ്കൃഷ്ണ ആണ് ബെംഗളൂരു എഫ് സിയുടെ ഗോൾ നേടിയത്. ഇനി രണ്ടു മത്സരങ്ങൾ കൂടെ ബ്ലാസ്റ്റേഴ്സിന് ഉണ്ട്.സീസണില്‍ ബെംഗളൂരുവിന്‍റെ തുടര്‍ച്ചയായ ആറാം ജയമാണിത്.

പ്ലെ ഓഫ്ഉറപ്പിക്കാനായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ ഇന്ന് കണ്ഠീരവ സ്‌റ്റേഡിയത്തിൽ ഇറങ്ങിയത്.കഴിഞ്ഞ മത്സരം വിജയിച്ച അതെ ടീമിനെ തന്നെയാണ് വുകമനോവിക് ഇന്നും അണിനിരത്തിയത്. 16 ആം മിനുട്ടിൽ ഇടതുവശത്ത് നിന്ന് ബോക്‌സിലേക്ക് ജെസൽ കാർനെയ്‌റോ മനോഹരമായ ക്രോസിൽ നിന്നും സ്‌ട്രൈക്കർ ഡയമന്റകോസിന്റെ ശ്രമം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 26 ആം മിനുട്ടിൽ ബംഗളുരുവിന്റെ മികച്ചൊരു മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്‌സ് അതിജീവിച്ചു.

32 ആം മിനുട്ടിൽ റോയ് കൃഷ്‌ണയിലൂടെ ബംഗളുരു മുന്നിലെത്തി.സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്‍റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള എല്ലാ ശ്രമവും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് ബംഗളുരുവിനറിയാം. അതുകൊണ്ടാ തന്നെ പ്രതിരിത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാണ് അവർ കളിച്ചത്. സഹലിന്റെ ഒരു ഷോട്ട് ഗോൾ കീപ്പർ കയ്യിലൊതുക്കുകയും ചെയ്തു.ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ബെംഗളൂരു എഫ് സി തുടർച്ചയായ ആറാം വിജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 28 പോയിന്റ് ആണുള്ളത്.

Rate this post
Kerala Blasters