എന്ത് വിലകൊടുത്തും മത്സരം വിജയിക്കണം എന്നുറപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ചെന്നൈയിനെതിരെ ഇറങ്ങിയത്. ആദ്യ മിനുട്ടിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയെങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെടുക്കുകയായിരുന്നു. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു.
ചെന്നൈയിലെ പരാജയപെടുത്തിയതോടെ വിജയത്തിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ചു. ഈ വിജയം 2022-23 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ ജയമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഐ എസ് എൽ സീസണായി ഇത് മാറി. കഴിഞ്ഞ സീസണിലായിരുന്നു ഇതിന് മുൻപ് ബ്ലാസ്റ്റേഴ്സ് 10 വിജയങ്ങൾ സ്വന്തമാക്കിയത്. ഈ സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പുതിയ റെക്കോർഡ് കുറിക്കും എന്നുറപ്പാണ്.കഴിഞ്ഞ സീസണിൽ സെമി ഫൈനലിലെ വിജയം അടക്കം ബ്ലാസ്റ്റേഴ്സ് പത്ത് വിജയങ്ങൾ സ്വന്തമാക്കിയിരുന്നു.
എന്നാൽ ലീഗിൽ 9 വിജയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു പുറമെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ സീസണായും ഇത് മാറിയിരിക്കുകയാണ്. കളിച്ച 9 ഹോം മത്സരങ്ങളിൽ 7 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത് .കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ നേടിയ 34 പോയിന്റ് എന്നത് മറികടക്കാൻ ആകും ഇനി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
വിജയങ്ങളുടെ പത്താം കൊടുമുടി കീഴടക്കി കൊമ്പന്മാർ 💪🏻💛#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/KQ8XATdJY3
— Kerala Blasters FC (@KeralaBlasters) February 7, 2023
മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 31 പോയിന്റ് ആണുള്ളത്. ലീഗിൽ ഇനി മൂന്നു മത്സരങ്ങളെ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്. ഒരു ഹോം മത്സരവും രണ്ടു എവേ മത്സരവും കളിക്കാനുണ്ട്. ബംഗളുരു ,എ ടികെ , ഹൈദരാബാദ് എന്നിവരാണ് എതിരാളികൾ.