“ബംഗളുരുവിനെ നേരിടാൻ തായ്യാറായി കേരള ബ്ലാസ്റ്റേഴ്‌സ് ; കൂടുതൽ താരങ്ങൾ പരിശീലനത്തിനിറങ്ങി”

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനു താരങ്ങളെ കളത്തിലിറക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ രണ്ടു മത്സരങ്ങളാണ് മാറ്റിവെച്ചിരുന്നത്. വിദേശതാരങ്ങൾക്കടക്കം കോവിഡ് ബാധിച്ചത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ഭീതിയുടെ നാളുകൾ ആയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആശ്വാസം നൽകുന്ന പല വാർത്തകളും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്തു വന്നിരുന്നു. ഒഡിഷാക്കെതിരായ മത്സരത്തിന് ശേഷം ഒരു ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം പുനരാരംഭിക്കുയ്ക്കയും ചെയ്തിരുന്നു.

എന്നാൽ മുഴുവൻ താരങ്ങളും പരിശീലനത്തിൽ എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വിദേശികളടമുള്ള പ്രമുഖ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനം നടത്തുകയും ചെയ്തു.ചില താരങ്ങൾ നേരത്തെ തന്നെ പരിശീലനം പുനരാരംഭിച്ചിരുന്നെങ്കിലും ക്യാംപ് ഇപ്പോഴാണ് സജീവമായത്. ക്ലബ് സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ട ചിത്രങ്ങളിൽ അൽവാരോ വാസ്ക്വസ്, ജോർജ് പെരേയ്ര ഡയസ്, എനെസ് സിപോവിച്, മാർക്കോ ലെസ്കോവിച്ച്, ചെൻചോ ജ്യെൽഷൻ എന്നീ വിദേശതാരങ്ങൾ പരിശീലനം നടത്തുന്നുണ്ട്. മലയാളി സൂപ്പർതാരം സഹൽ അബ്ദുൾ സമദും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

ജനുവരി 30ന് ആണ് കേരളം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബംഗളൂരുവുമാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സ് ക്യാംപിൽ എത്രപേർക്ക് കോവിഡ് ബാധിച്ചു എന്നത് വ്യക്തമല്ല. എങ്കിലും കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ടീമുകളിലൊന്നായിരുന്നു ബ്ലാസ്റ്റേഴ്സ്. ക്ലബ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇപ്പോഴും കോവിഡ് പോസിറ്റീവായി തുടരുകയാണ്.ജനുവരി 12 ന് ഒഡിഷക്കെതിരെ വിജയിച്ച മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി കളിച്ചത്.

അന്ന് മുതൽ ബ്ലാസ്റ്റേഴ്‌സ് ടീം ഹോട്ടൽ ക്വാറന്റൈനിൽ ആണ്. ഇത്രയും ദിവസങ്ങളിൽ പരിശീലനം നടത്തിയിരുന്നില്ല. ഇത്രയും ദീർഘ നാളത്തെ ഇടവേളക്ക് ശേഷം 30 ആം തീയതി ബംഗളുരുവിലെ നേരിടാൻ ഒരുങ്ങുമ്പോൾ പല രീതിയിലുള്ള സംശയങ്ങളും ഉടലെടുക്കുന്നുണ്ട്. ദീർഘമായ ഇടവേള ബ്ലാസ്റ്റേഴ്സിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ന് കണ്ടറിഞ്ഞു കാണണം . കോവിഡ് ബാധയും ഐസൊലേഷനും ടീമംഗലിൽ മാനസിക സമ്മർദം ഉയർത്തി എന്ന കാര്യത്തിൽ സംശയമില്ല.

തോൽവി അറിയാതെ 10 മത്സരങ്ങളുടെ ഈ ഓട്ടത്തിന്റെ താളം 18 ദിവസത്തെ ഇടവേളക്ക് ശേഷം വരുമ്പോൾ ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ സാധിക്കുമോ എന്ന സംശയം എവരിലുമുണ്ട്. എന്നാൽ ലീഗിന്റെ ആദ്യ പക്തിയിലെ മികവ് രണ്ടാം പകുതിയിലും നിലനിർത്താം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ദീർഘമായ ഇടവേള ഗുണകരമായി മാറ്റാനുള്ള പുറപ്പാടിലാണ് ബ്ലാസ്റ്റേഴ്‌സ്. പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം ക്ലബ് ആദ്യമായി ഐഎസ്എൽ കിരീടത്തിൽ മുത്തമിടും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.നിലവിൽ 11 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഹൈദരാബാദിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം ബ്ലാസ്റ്റേഴ്‌സ്. 

Rate this post
Kerala Blasters