Kerala Blasters :”കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ പുതിയ താരം “

പ്രധാന ഗോൾ കീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റ സാഹചര്യത്തിൽ പുതിയ ഗോൾ കീപ്പറെ ടീമിലേക്കെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.ഫ്രീ ഏജന്റായ കരൺ ജിത് സിങ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. മുൻ ചെന്നൈയിൻ ഗോൾ കീപ്പർ ആണ് കരൺ ജിത്.

ബ്ലാസ്റ്റേഴ്‌സിന്‍റെ കീപ്പർ ആൽബിനോ ഗോമസിന്‍റെ കാൽമുട്ടിനാണ് പരിക്കേറ്റത്. ആൽബിനോയുടെ തിരിച്ചുവരവ് വൈകും എന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ആൽബിനോയെക്കൂടാതെ മൂന്ന് കീപ്പർമാർ ടീമിലുണ്ടെങ്കിലും അവരെല്ലാം യുവതാരങ്ങളാണ്. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കീപ്പറെ ടീമിലേക്ക് എത്തിക്കാൻ നിർബന്ധിതനായത്. ആൽബിനോയുടെ തിരിച്ചുവരവ് വൈകും എന്ന ഭയമാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്യാനുള്ള കാരണം.

ഒഡിഷയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിനിടെയാണ് ഫസ്റ്റ് ചോയ്സ് ​ഗോളിയായ അൽബിനോയ്ക്ക് പരുക്കേറ്റത്.യുവ​ഗോളി പ്രഭ്സുഖാൻ ​ഗില്ലാണിപ്പോൾ ബ്ലാസ്റ്റേഴ്സിനായി ​ഗോൾവല കാക്കുന്നത്.35കാരനായ കരൺ ജിത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐ എസ് എൽ കിരീടം നേടിയ താരമാണ് .2017-18 സീസണിൽ ഏഴു ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചെന്നൈയിന് കിരീടം നേടിക്കൊടുക്കന്നതിൽ പ്രധാന പങ്ക് കരൺജിത് വഹിച്ചിരുന്നു. കഴിഞ്ഞ സീസണുകള താരം അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസൺ അവസാനത്തോടെ അദ്ദേഹം ചെന്നൈയിൻ വിടുകയും ചെയ്തു.35-കാരനായ കരൺജീത് പഞ്ചാബ് സ്വദേശിയാണ്. ഇന്ത്യൻ ദേശീയ ടീമിനായി 17 മത്സരങ്ങൾ കളിച്ചിട്ടുള്ള കരൺജീത് ചെന്നൈ സിറ്റി, സാൽ​ഗോക്കർ തുടങ്ങിയ ക്ലബുകളുടേയും ജേഴ്സിയണിഞ്ഞിട്ടുണ്ട്.

അതേസമയം ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ചെന്നൈയിന്‍ ആണ്. ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും 16 തവണ മുഖാമുഖം വന്നിട്ടുണ്ട്. ചെന്നൈയിന്‍ ആറും ബ്ലാസ്റ്റേഴ്‌സ് മൂന്നും കളി വീതം ജയിച്ചപ്പോൾ സമനിലയിൽ അവസാനിക്കാനായിരുന്നു ഏഴ് മത്സരങ്ങളുടെ വിധി. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒന്‍പത് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനക്കാരാണ്. ഇത്രതന്നെ മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്‍റുള്ള ചെന്നൈയിന്‍ നാലാമതുണ്ട്. രാത്രി 7 .30 നാണ് മത്സരം നടക്കുന്നത്.