2022-23 സീസണിലേക്കായുള്ള തയ്യാറെടുപ്പുകൾ ഐ എസ് എൽ ടീമുകളെല്ലാം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും മികച്ച രീതിയിലാണ് വരും സീസണിലേക്കുള്ള അവരുടെ തയ്യാറെടുപ്പുകൾ നടത്തുന്നത്.
ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള പരിശീലനം കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.ഇന്ന് ആദ്യ സെഷൻ പരിശീലനം ഇവാൻ വുകമാനോവിചിന് കീഴിൽ നടന്നു. ഇന്ത്യൻ താരങ്ങളും ഇവാൻ വുകമാനോവിചും കേരളത്തിൽ ഇതിനകം എത്തിയ വിക്ടർ മോങ്ങിലും ഇവാൻ കലിയുഷ്നിയും ലെസ്കോവിചും പരിശീലനത്തിൽ ഒപ്പം ഉണ്ട്.എല്ലാ താരങ്ങളും മെഡിക്കൽ പരിശോധന വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീസീസൺ പരിശീലനം ആരംഭിച്ചത്.
ഓഗസ്റ്റ് പകുതിയോടെ യുഎഇയിലേക്കു പറക്കും. ഇവിടെ യുഎഇ പ്രൊ ലീഗിൽ കളിക്കുന്ന അല്‍ നാസ്ര് എസ്സി, ദിബ എഫ്സി എന്നീ ക്ലബ്ബുകൾക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും. മുഖ്യ പരിശീലകന് ഇവാൻ വുകോമാനോവിച്ചിന്റെ കീഴില്‍ അല്‍ നാസ്ര് കള്‍ച്ചറൽ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. എച്ച്16 സ്പോര്‍ട്സാണ് പ്രീസീസൺ ടൂർ ഒരുക്കുന്നത്.
2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്റ്റേഡിയത്തിൽ ദിബ എഫ്സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്റ്റേഡിയത്തിൽ ഹത്ത സ്പോര്‍ട്സ് ക്ലബിനെയും കേരള ബ്ലാസ്റ്റേഴ്സ് നേരിടും.മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് യുഎഇയിലെ കാണികള്‍ക്കു മുന്നിൽ മത്സരിക്കാനിറങ്ങുന്നത്.