ഐഎസ്എല്ലിൽ ആദ്യ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തി ദൗർബല്യങ്ങൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈ വർഷത്തെ ഐഎസ്‌എൽ കാമ്പെയ്‌നിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ഇന്നിറങ്ങുകയാണ്. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ അവരുടെ എക്കാലത്തെയും ആവേശകരമായ മഞ്ഞപ്പടയ്ക്ക് മുന്നിൽ കിക്ക് ഓഫ് ചെയ്യും.ഗോവയിൽ അടച്ച വാതിലുകൾക്ക് പിന്നിൽ രണ്ട് സീസണുകൾക്ക് ശേഷം വീണ്ടും കാണികൾ സ്റ്റേഡിയത്തിലേക്ക് എത്തുകയാണ്.

അൽവാരോ വാസ്‌ക്വസും ജോർജ് ഡയസും ക്ലബ് വിട്ടുപോയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ സീസണിലും ഭീഷണി ഉയർത്തിയേക്കും. കഴിഞ്ഞ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോട് കിരീടം കഷ്ടിച്ച് നഷ്ടപ്പെട്ടതിന് ശേഷം കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.ജിയാനോ, ഡയമന്റകോസ്, വിക്ടർ മോംഗിൽ, ഇവാൻ കലുഷ്നി തുടങ്ങിയ വിദേശ താരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശക്തരായാണ് ഈ സീസണിൽ ഇറങ്ങുന്നത്. പരിചയ സമ്പത്തും യുവത്വവും ഒരുപോലെ സംയോജിപ്പിച്ചാണ് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കിയത്.

ശക്തി : പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും മിഡ്ഫീൽഡ് മാന്ത്രികൻ സഹൽ അബ്ദുൾ സമദുമാണ് ഈ സീസണിൽ മഞ്ഞപ്പടയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്ത്.കേരളത്തിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ ഇവാന്റെ തന്ത്രങ്ങൾ കഴിഞ്ഞ സീസണിൽ ഫലം കൊയ്യുന്നത് കാണാൻ സാധിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ പ്രധാന ഗ്രൂപ്പിലെ ഭൂരിഭാഗത്തെയും കഴിവുള്ള യുവാക്കളെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയിരുന്നു.മറ്റൊരു വെല്ലുവിളി നിറഞ്ഞ സീസണിനുള്ള തയ്യാറെടുപ്പിൽ അവർ ടീമിന് ആവശ്യമായ കരുത്ത് നൽകി.

ഡിഫെൻസിൽ മാർക്കോ ലെസ്‌കോവിച്ചിന് കൂട്ടായി വിക്ടർ മോംഗിലും മിഡ്ഫീൽഡിൽ ലൂണക്ക് പങ്കളിയായായി ഇവാൻ കലുഷ്‌നിയും എത്തി.ആറാം സീസണിൽ എടികെ മോഹൻ ബഗാൻ കിരീടം നേടിയപ്പോൾ മികച്ച പ്രകടനമാണ് മോംഗിൽ നടത്തിയത് . 48 പ്രധാനപ്പെട്ട ക്ലിയറൻസുകളും 11 ഇന്റർസെപ്‌ഷനുകളും നേടി, ലീഗിലെ മികച്ച പ്രതിരോധക്കാരിൽ ഒരാളായി മാറി.കലുഷ്‌നിയുടെ വരവ് മിഡ്ഫീൽഡിൽ കൂടുതൽ വേഗതയും ശക്തിയും കൊണ്ട് വരും എന്ന കാര്യത്തിൽ തർക്കമില്ല.

ദൗർബല്യം : പരിചയസമ്പന്നരായ ബാക്കപ്പ് ഗോൾകീപ്പർമാർ ഇല്ല എന്നത് ബ്ലാസ്റ്റേഴ്സിന്റെ ഒരു ദൗർബല്യം തന്നയാണ്.ഇത് പ്രഭ്സുഖൻ സിംഗ് ഗില്ലിനെ അമിതമായി ആശ്രയിക്കാൻ ഇടയാക്കും. കൂടാതെ, അൽവാരോ വാസ്‌ക്വസിന്റെയും ജോർജ് ഡയസിന്റെയും അഭാവം സ്‌ട്രൈക്കിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ വ്യാപ്തി വെട്ടിക്കുറച്ചേക്കാം. പുതിയ മുന്നേറ്റ നിര താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസിന്റെയും അപ്പോസ്‌തോലോസ് ജിയന്നൗവിന്റെയും സമന്വയം എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമല്ല. ഈ സീസണിൽ പുതിയ താരങ്ങൾ എങ്ങനെ ടീമുമായി പൊരുത്തപ്പെടും എന്നതിനെ ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ട് പോക്ക്.

Rate this post
Kerala Blasters