വിജയവഴിയിൽ തിരിച്ചെത്തണം ,കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ ഇറങ്ങുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. 2024 ൽ ഒരു വിജയം പോലും നേടാനാവാതെ മോശം ഫോമിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളിലും അവർ പരാജയപെട്ടു.

കഴിഞ്ഞ മത്സരത്തിൽ ദുർബലരായ പഞ്ചാബിനോട് കൊച്ചിയിൽ വെച്ച് ഒന്നിനെതിരെ മൂന്നു ഗോളിന്റെ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.13 കളികളിൽ നിന്ന് 12 പോയിൻ്റുമായി ലീഗിൽ 11 ആം സ്ഥാനത്തുള്ള ചെന്നൈയിനെതിരെ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പ്രധാന താരങ്ങളുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായിട്ടുണ്ട്.ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിയെക്കാൾ (31) അഞ്ച് പോയിൻ്റ് (26) പിന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഷീൽഡ് ട്രോഫിയിൽ സാധ്യതകൾ കൂട്ടണമെങ്കിൽ ഇന്നത്തെ ഉൾപ്പെടെയുള്ള വരുന്ന മത്സരങ്ങളിലെ വിജയങ്ങൾ അനിവാര്യമാണ്. ഐഎസ്എൽ സീസണിൽ മോശം പ്രകടനമാണ് ചെന്നൈയിൻ എഫ്സി കാഴ്ച വെക്കുന്നതെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ആഗ്രഹിച്ചാണ് ഒരുങ്ങുന്നത്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യം ഗോൾ സ്കോർ ചെയ്തുകൊണ്ട് മത്സരത്തിൽ ലീഡ് സ്വന്തമാക്കിയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയങ്ങൾ ഏറ്റുവാങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തണമെന്ന് ലക്ഷ്യത്തോടെയാണ് ഇന്ന് എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആത്മവിശ്വാസത്തോടെയാണ് 2024 ലേക്ക് കടന്നത്. എന്നാൽ അഡ്രിയാൻ ലൂണയുടെയും ക്വാം പെപ്രയുടെയും അഭാവം വലയ തിരിച്ചടിയായി.ഡിമിട്രിയോസ് ഡയമൻ്റകോസിനും ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അമിതഭാരം ഉണ്ടെന്ന് തോന്നുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലെ വേഗത രണ്ടാം പകുതിയിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ്. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഗോളുകൾ വഴങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ മികച്ച വിജയത്തോടെ തിരിച്ചു വരാം എന്ന വിശ്വാസത്തോടെയാണ് ഇവാനും സംഘവും ഇന്നിറങ്ങുന്നത്.

Rate this post
Kerala Blasters