ലക്ഷ്യം വിജയം മാത്രം, കലിംഗയിൽ ഒഡീഷയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ് സിയെ നേരിടും. കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം നടക്കുക.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഭുവനേശ്വറിലേക്ക് കളിക്കാനായി എത്തുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയാണ് ഇരി ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ തവണ ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ഈ വേദിയിൽ ഏറ്റുമുട്ടിയപ്പോൾ കളി 4-4ന് ആവേശകരമായ സമനിലയിൽ അവസാനിച്ചു. കലിംഗ സ്‌റ്റേഡിയത്തിൽ ആറ് മത്സരങ്ങൾ കളിച്ച ഒഡിഷ നാലിൽ ജയിക്കുകയും ഒരെണ്ണത്തിൽ മാത്രം തോൽക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ മത്സരത്തിൽ പരിശീലകൻ ഇവാൻ വുകമനോവിക് ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാര്യമായി മാറ്റങ്ങൾ കൊണ്ട് വരാനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. എന്നാൽ ആക്രമണ ഫുട്ബോളിൽ നിന്നും പിന്മാറില്ലെന്ന് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തിൽ തുടക്കത്തിൽ മികവ് പുലർത്തി ലീഡ് നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഗോളവസരങ്ങൾ സൃഷിടിക്കുന്നുണ്ടെങ്കിലും ഫിനിഷിങിനെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വലക്കുന്ന കാര്യം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ രണ്ടു സ്‌ട്രൈക്കർമാരും ഫോമിലേക്ക് ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മത്സരത്തിലും ഗോൾ നേടിയ ഇവാൻ കലയുഷ്‌നിയുടെ ഫോമാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്ന ഘടകം.ബ്ലാസ്റ്റേഴ്സിന്റെ പ്ലെ മേക്കറായ അഡ്രിയാൻ ലൂണയെ കഴിഞ്ഞ മത്സരത്തിൽ എടികെ ഫലപ്രദമായി മാർക്ക് ചെയ്തതോടെ മുന്നേറ്റ നിരയിലേക്ക് വേണ്ടത്ര പന്തുകൾ എത്താതാവുകയും ചെയ്തു. ഇതിനൊരു പരിഹാരം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കണ്ടെത്തിയേ മതിയാവു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റ് കുതിപ്പിൽ നിർണായകമായത് പ്രതിരോധത്തിലെ മികവ് തന്നെയായിരുന്നു.ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ സിംഗ് ഗില്ലും സെന്റര്‍ ഡിഫെന്‍സ് സഖ്യമായ റൂയിവ ഹോര്‍മിപാം – മാര്‍ക്കൊ ലെക്‌സോവിച്ചും സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ റൂയിവ ആദ്യ രണ്ടു മത്സരങ്ങളിലും പിഴവ് വരുത്തുകയും ഗോൾ വഴങ്ങുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ ഡിഫെൻസിൽ മാറ്റങ്ങൾ വരാനുള്ള സാധ്യത കാണുന്നുണ്ട്. വിക്ടർ വിക്ടർ മോംഗിൽ ആദ്യ ഇലവനിൽ എത്താനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. വേഗതയും കരുത്തുമുള്ള സ്‌ട്രൈക്കര്മാര്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്‌സിയും ഇതുവരെ പതിനെട്ട് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഏഴിലും ഒഡിഷ നാലിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു ജയം. മുന്‍ പോരുകളിലെ മേധാവിത്വത്തിന്‍റെ കരുത്തില്‍ തിരിച്ചുവരവാകും വുക്കോമനോവിച്ചും സംഘവും ലക്ഷ്യമിടുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്‌സും ഒഡിഷയും ഇരുപത്തിനാല് ഗോൾ വീതം നേടിയിട്ടുണ്ട്.രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് വീതമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സും ഒഡീഷയും നിലവില്‍ ടേബിളില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്.

ഒഡീഷ (4-3-3): അമരീന്ദർ സിംഗ്; ദേനചന്ദ്ര മെയ്തേയ്, കാർലോസ് ഡെൽഗാഡോ, നരേന്ദർ ഗെഹ്ലോട്ട്, സാഹിൽ പൻവാർ; തോയ്ബ സിംഗ്, ഒസാമ മാലിക്, ഐസക് വന്മൽസൗമ; വിക്ടർ റോഡ്രിഗസ്, ഡീഗോ മൗറീഷ്യോ, നന്ദകുമാർ സെക്കർ.
കേരള ബ്ലാസ്റ്റേഴ്സ് (4-3-3): പ്രഭ്സുഖൻ ഗിൽ; നിഷു കുമാർ, മാർക്കോ ലെസ്കോവിച്ച്, റൂയിവ ഹോർമിപാം, ജെസെൽ കാർനെറോ; രാഹുൽ കെ.പി., ജീക്‌സൺ സിംഗ്, പ്യൂട്ടിയ, അഡ്രിയാൻ ലൂണ; ഇവാൻ കല്യുഷ്നി, ഡിമിട്രിയോസ് ഡയമന്റകോസ്.

Rate this post