‘ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ട്രയൽസ് വേണ്ട’ ഗേറ്റ് പൂട്ടിയിട്ട് എംഎൽഎ

എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അണ്ടർ 17 ടീമിന്റെ ഫുട്ബാൾ സെലക്ഷൻ ട്രയൽസ് തടഞ്ഞ് ഗ്രൗണ്ടിലേക്കുള്ള മെയിൻ ഗേറ്റ് പൂട്ടിയിട്ട് സ്ഥലം എംഎൽഎ യായ പി വി ശ്രീനിജൻ.

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ പിവി ശ്രീനിജൻ എം.എൽ.എ. സംഭവം വിവാദമായതോടെ പിന്നീട് ഗേറ്റ് തുറന്നു കൊടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽന് ബ്ലാസ്റ്റേഴ്‌സ് കുടിശിക നൽകിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു എംഎൽഎയുടെ നടപടി.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് കുടിശികയായി ഒന്നും സ്പോർട്സ് കൗൺസിൽന് നൽകാനില്ലെന്ന് പറഞ്ഞുകൊണ്ട് സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി രംഗത്ത് വന്നതോടെ എംഎൽഎക്കെതിരെയുള്ള വിമർശനങ്ങളുടെ ശക്തി കൂടി.

അനുമതി തേടി ബ്ലാസ്റ്റേഴ്‌സ് ടീം കത്ത് നൽകാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. പ്രതികരിച്ചു. രാത്രിയാവുമ്പോൾ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നുമാണ് എം.എൽ.എ. മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.”മുൻകാലങ്ങളിലും സമാനസാഹചര്യം ഉണ്ടായപ്പോൾ ഗേറ്റ് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൂട്ടേണ്ടിവന്നത്. എട്ടുമാസത്തെ മുഴുവൻ തുകയാണ് കുടിശ്ശികയുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നൽകിയതാണ്. ” – പി.വി. ശ്രീനിജൻ എം.എൽ.എ. പറഞ്ഞു.

ഉയർന്ന താപനില കാരണം രാവിലെ ഏഴ് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന അണ്ടർ 17 സെലക്ഷൻ ട്രയൽസ് വിവാദ സംഭവങ്ങൾക്ക് ശേഷം 10 മണിക്ക് ശേഷമാണ് ആരംഭിക്കുന്നത്. ഇത് ട്രയസ്ലിനു വന്ന കുട്ടികളെയും മാതാപിതാക്കളെയും ഒരുപാട് വലച്ചുകളഞ്ഞു.

4.8/5 - (20 votes)