‘ലജ്ജാകരം’ : ആദ്യ നാലിൽ തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് യോഗ്യതയില്ല, ഇന്ത്യയിലെത്തിയതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം | ഇവാൻ വുകൊമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പത്താം സീസണിൻ്റെ രണ്ടാം പാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ദയനീയ പ്രകടനം തുടരുകയാണ്.കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്‌സിയോട് തോറ്റ മഞ്ഞപ്പട ഇത്തവണ പഞ്ചാബ് എഫ്‌സിക്കെതിരെ തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ തോറ്റതിന് പിന്നാലെ ടീമിൻ്റെ പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് തൻ്റെ രോഷം പ്രകടിപ്പിച്ചു.

കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ അടുത്ത കാലത്തൊന്നും ഇത്രയും മോശം പ്രകടനം കണ്ടിട്ടില്ല. തോൽവിയേക്കാൾ ടീം കളിച്ച രീതിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അസ്വസ്ഥരാക്കാനുള്ള വലിയ കാരണം.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും ഇത്തരമൊരു തോൽവിയിൽ നിരാശ പ്രകടിപ്പിച്ചു. ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമെന്നാണ് പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.”ലജ്ജാകരമായത് ” എന്നാണ് ഇവാൻ മത്സര ഫലത്തെ വിശേഷിപ്പിച്ചത്.പരിക്കുമൂലം ചില താരങ്ങൾ ഇല്ലാത്തത് ഈ തോൽവിക്ക് ഒഴികഴിവായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇന്ത്യയിലെത്തിയതിന് ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ലജ്ജ തോന്നുന്നു, ഇത് കളിക്കാരുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്ന് ഞാൻ കരുതുന്നുവെന്നും ഇവാൻ പറഞ്ഞു.

” ഒരു പരിശീലകനെന്ന നിലയിൽ ഇത് ശരിക്കും നിരാശാജനകമാണ്. ഇത്തരത്തിലുള്ള സമീപനം തുടരുകയാണെങ്കിൽ, അവസാനം വരെ എല്ലാ കളികളും നമുക്ക് എളുപ്പത്തിൽ തോൽക്കാം അത് ഉറപ്പാണ്.ഇന്നത്തെ റിസൾട്ടിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. കളിക്കാരും ലജ്ജിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്തരത്തിലുള്ള മത്സരങ്ങളാണ് മികച്ച പ്രകടനം നടത്തി വിജയിക്കേണ്ടത്. ഇത് പരിശീലകനെന്ന നിലയിൽ എന്റെ മാത്രം ഉത്തരവാദിത്വമാണ്” ഇവാൻ പറഞ്ഞു.

പഞ്ചാബിനെതിരെ പുറത്തെടുത്ത കളിയുമായി ആദ്യ നാലിൽ തുടരാൻ ബ്ലാസ്റ്റേഴ്സിന് യോഗ്യതയില്ല. പിഴവുകൾ പരിഹരിച്ച് വിജയവഴിയിൽ തിരിച്ചെത്തി ആരാധകർക്ക് സന്തോഷം തിരികെ നൽകാൻ പരിശ്രമിക്കുമെന്നും പരിശീലകൻ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഈ സീസണിൽ അവരുടെ ആകെ തോൽവികളുടെ എണ്ണം നാലായി. 14 കളികളിൽ നിന്ന് 26 പോയിൻ്റുള്ള അവർ നിലവിൽ ടേബിൾ ടോപ്പർമാരായ ഒഡീഷ എഫ്‌സിക്ക് അഞ്ച് പോയിൻ്റിന് പിന്നിലാണ്.

Rate this post