സന്തോഷ് ട്രോഫിയിൽ മൂന്നാമത്തെ മത്സരത്തിലും ഗോൾമഴ പെയ്യിച്ച് കേരളം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം വിജയം നേടിയത്. ആദ്യത്തെ മത്സരത്തിൽ ഏഴു ഗോളിന് രാജസ്ഥാനെയും രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബീഹാറിനെയും കീഴടക്കിയ കേരളം മൂന്നാമത്തെ മത്സരത്തിലും കരുത്തുറ്റ പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ സമ്പൂർണമായ ആധിപത്യം കേരളം സ്ഥാപിച്ചപ്പോൾ എതിരാളികളായ ആന്ധ്ര പ്രദേശിന് മറുപടി ഉണ്ടായിരുന്നില്ല.
ആദ്യപകുതിയിൽ തന്നെ കേരളം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ നിജോ ഗിൽബർട്ടാണ് പതിനാറാം മിനുട്ടിൽ കേരളത്തിന്റെ ആദ്യത്തെ ഗോൾ നേടിയതിന്. രണ്ടു മിനുട്ട് മാത്രം പിന്നിട്ടപ്പോൾ ഒരു കോർണറിൽ നിന്നും ഷോട്ടുതിർത്ത് രണ്ടാമത്തെ ഗോളും കേരളം സ്വന്തമാക്കി. മുഹമ്മദ് സലീമിന്റെ ഇടങ്കാലനടി തടുക്കാൻ ആന്ധ്ര ഗോൾകീപ്പര്ക്ക് കഴിഞ്ഞില്ല. ഇഞ്ചുറി ടൈമിൽ കേരളത്തിന്റെ മൂന്നാം ഗോളും വന്നു. നിജോ ഗിൽബർട്ടിന്റെ പാസിൽ നിന്നും അബ്ദുൾ റഹീമാണ് മൂന്നു ഗോൾ നേടി ആദ്യപകുതിയിൽ കേരളത്തിന്റെ ആധിപത്യം പൂർത്തിയാക്കിയത്.
ആദ്യപകുതി പോലെത്തന്നെ രണ്ടാം പകുതിയിലും ആന്ധ്ര പ്രദേശിനെ യാതൊരു വിധത്തിലും ചുവടുറപ്പിക്കാൻ കേരളം സമ്മതിച്ചില്ല. തുടക്കത്തിൽ തന്നെ നിജോയുടെ തന്നെ ഒരു കോർണറിൽ നിന്നും അനായാസ ഹെഡറിലൂടെ വിശാഖ് മോഹൻ കേരളത്തിന്റെ നാലാമത്തെ ഗോൾ നേടി. അറുപത്തിരണ്ടാം മിനുട്ടിൽ കേരളത്തിന്റെ അവസാനത്തെ ഗോൾ നേടിയത് വിഘ്നേഷ് ആണ്. കേരളത്തിന്റെ കളി വെച്ചു നോക്കുമ്പോൾ അവർ നേടിയ അഞ്ചു ഗോളുകൾ വളരെ കുറവാണ്. ഏറ്റവും ചുരുങ്ങിയത് പത്തു ഗോളുകളെങ്കിലും നേടാൻ അവർക്ക് അനായാസം കഴിയുമായിരുന്നു.
Santosh Trophy 2022-23
— Kerala Football (@KeralaFootball) January 1, 2023
Kerala 5 – 0 Andhra Pradesh
Nijo Gilbert 16'
Mohammed Salim 20'
Abdu Raheem 45+3'
Vishak M 52'
Viknesh 62'#SantoshTrophy #KeralaFootball #KFA pic.twitter.com/ZhbxjEcHAQ
ഇതുവരെ കളിച്ച മൂന്നിൽ മൂന്നു മത്സരവും വിജയിച്ച കേരളം പതിനാറു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയിരിക്കുന്നത്. വിജയത്തോടെ ഒൻപതു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇനി മിസോറാം, ജമ്മു കശ്മീർ എന്നിവർക്കെതിരെയാണ് കേരളത്തിന് ഗ്രൂപ്പിൽ മത്സരങ്ങൾ ബാക്കിയുള്ളത്. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി നേടിയ കേരളം അത് നിലനിർത്താൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് ഓരോ മത്സരത്തിലും തെളിയിക്കുന്നുണ്ട്.