ലോകചാംപ്യൻമാരായ അർജന്റീന ടീമുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ച വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. അർജന്റീന ആവശ്യപ്പെട്ട വൻതുക നൽകാനാവില്ല എന്നതിനാലാണ് ഇന്ത്യ ക്ഷണം നിരസിച്ചത്.
‘‘അർജന്റീന ഫുട്ബോൾ ഫെഡറേഷൻ മത്സരത്തിനായി സമീപിച്ചിരുന്നു. എന്നാൽ അവർ ആവശ്യപ്പെട്ട ഭീമമായ തുക നൽകാനാവില്ല എന്നതിനാൽ ഇന്ത്യ പിൻമാറി’’– ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.50 ലക്ഷം യുഎസ് ഡോളർ (ഏകദേശം 40 കോടി രൂപ) ആണ് അർജന്റീന ആവശ്യപ്പെട്ടത്.ജൂണിൽ ഫുട്ബോൾ ലീഗുകൾ അവസാനിച്ച ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയിൽ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കാൻ തീരുമാനം എടുത്തിരുന്നു.
ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു മത്സരം നടത്താൻ കേരളം തയ്യാറാണെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാൻ.അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകുമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു.
2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അമ്പാസഡറെ സന്ദര്‍ശിക്കുകയും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തിരുന്നുവെന്നും വി. അബ്ദുറഹിമാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അന്നും മെസ്സിയേയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫുട്ബോളിനായി എല്ലാം സമർപ്പിക്കുന്ന നമ്മുടെ നാട്ടിലെ ആരാധകർക്കും വലിയ വിരുന്നാകുമായിരുന്നു മത്സരം. ഈ ആരാധനയും ആവേശവും കാണാൻ ദൂരെ ലാറ്റിനമേരിക്കയിലുള്ളവർക്ക് കഴിഞ്ഞു. നമ്മുടെ സ്വന്തമാളുകൾ കാണാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ? നമ്മുടെ ഫുട്ബോൾ ഭരണക്കാർ കുറേക്കൂടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ല.അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.