യൂറോപ്യൻ ഫുട്ബോളിൽ പാരമ്പര്യം കൊണ്ടും , പ്രൗഢി കൊണ്ടും , കിരീടങ്ങളുടെ എണ്ണം കൊണ്ടും റയൽ മാഡ്രിഡിനെ വെല്ലാൻ കഴിയുന്ന ഒരു ക്ലബിനെയും കാണിച്ചു തരാൻ സാധിക്കില്ല. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗും ലാ ലീഗ് കിരീടവും നേടിയ റയൽ ഈ സീസണിൽ സൂപ്പർ കപ്പും സ്വന്തമാക്കി തകർപ്പൻ കുതിപ്പ് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ 14-ാമത് യൂറോപ്യൻ വിജയം സ്വന്തമാക്കിയ അവർ ഇത്തവണയും കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. ലോസ് ബ്ലാങ്കോസ് ലാലിഗ സാന്റാൻഡറിന്റെ സമ്പൂർണ വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പ്രകടനത്തിന്റെ വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ലാ ലീഗയിൽ നാലിൽ നാല് വിജയങ്ങളോടെ 2022/23 സീസൺ ആരംഭിക്കുന്നതിന് അവർ 100 ശതമാനം റെക്കോർഡ് നിലനിർത്തി. ല ലീഗയിൽ ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം ഒരു പോയിന്റ് പോലും നഷ്ടപെടുത്താത്ത ഏക ടീമും റയലാണ്.2016/17 സീസണിൽ സിനദീൻ സിദാന്റെ കീഴിൽ ആദ്യ നാല് മത്സരങ്ങളും ജയിച്ചത്തിനു ശേഷം ലോസ് ബ്ലാങ്കോസിന് ലീഗിൽ മികച്ച തുടക്കമാണ് ഈ സീസണിൽ ലഭിച്ചത്.റയൽ മാഡ്രിഡ് പരിശീലകനെന്ന നിലയിൽ തന്റെ നാല് സീസണുകളിൽ കാർലോ ആൻസലോട്ടി തന്റെ മികച്ച തുടക്കം കുറിച്ചു.
കഴിഞ്ഞ തവണയെക്കാൾ വ്യത്യസ്തമായി കിരീടത്തിനായി ബാഴ്സലോണയിൽ നിന്നും കടുത്ത മത്സരം റയൽ മാഡ്രിഡിന് നേരിടേണ്ടി വരും എന്നുറപ്പാണ്. ബയേണിൽ നിന്നും ലെവെൻഡോസ്‌കിയെപ്പോലെയുള്ള സൂപ്പർ താരങ്ങളെ മുന്നേറ്റ നിരയിൽ കൊണ്ട് വന്ന അവർ മധ്യനിരയിലെ പ്രതിരോധത്തിലും മികച്ച ഒരു പിടി താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. നാല് മത്സരസങ്ങളിൽ നിന്നും പത്തു പോയിന്റുമായി ബാഴ്സ റയലിന് തൊട്ടു പിന്നിൽ തന്നെയുണ്ട്.ചൊവ്വാഴ്ച കെൽറ്റിക്കിനെതിരെ ആരംഭിക്കുന്ന പുതിയ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌ൻ ആരംഭിക്കാൻ ആൻസലോട്ടിയുടെ ടീം തയ്യാറായി നിൽക്കുകയാണ്.പോസിറ്റീവ് വൈബുകളും ആൻസലോട്ടിയുടെ വിജയകരമായ റൊട്ടേഷൻ തന്ത്രവും റയലിനെ ഈ സീസണിലും മുന്നോട്ട് കൊണ്ട് പോകും എന്ന കാര്യത്തിൽ തർക്കമില്ല.
വിനീഷ്യസ് ജൂനിയർ-കരിം ബെൻസെമ സഖ്യം കഴിഞ്ഞ സീസണിലെ തുടർച്ചയെന്ന പോലെ മികച്ച പ്രകടനം തുടരുകയാണ്. ഇവരുടെ സഖ്യത്തിൽ നിന്നും ഏഴു ഗോളുകൾ പിറന്നിട്ടുണ്ട്. മറ്റൊരു യുവ താരം റോഡ്രിഗോ ഗോസ് ഇവരുടെ സഖ്യത്തിലേക്ക് ചേർന്നിട്ടുണ്ട്. മിഡ്ഫീൽഡിൽ 36 ആം വയസ്സിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന മോഡ്രിച്ചിനൊപ്പം യുവ ഫ്രഞ്ച് ജോഡികളായ കാമവിങ്കയും – ചൗമേനിയും പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് നടത്തുന്നത്. യൂണൈറ്റഡിലേക്ക് പോയ കസെമിറോയുടെ അഭാവം മായ്ക്കുന്ന പ്രകടനമാണ് ഇവർ പുറത്തെടുക്കുന്നത്. ചെൽസിയിൽ നിന്നും വന്ന ജർമൻ താരം റൂഡിഗർ പ്രതിരോധത്തിന് കൂടുതൽ ശക്തി നൽകുകയും ചെയ്തു.
ഒറ്റ യൂണിറ്റായി റയലിനെ മുന്നോട്ട് കൊണ്ട് പോവാനുള്ള ആൻസെലോട്ടിയുടെ കഴിവ് തന്നെയാണ് അവരുടെ വിജയത്തിൽ എറർ നിർണായകമായത്.വലിയ താരങ്ങളെ വൻ വിലകൊടുത്ത് സ്വന്തമാക്കുക എന്ന റയലിന്റെ പോളിസിയിൽ നിന്നും മാറി ആവശ്യമുള്ള സ്ഥാനങ്ങളിലെക്ക് ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കുക എന്ന രീതിയിലേക്ക് റയൽ മാനേജ്‌മന്റ് എത്തിയിരിക്കുകയാണ്. എല്ലാ റയിലിന്റെ പദ്ധതികൾ അനുസരിച്ച് മുന്നോട്ട പോയാൽ ഇത്തവണയും ലാ ലിഗയും ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിന്റെ ട്രോഫി ക്യാബിനറ്റിൽ ഇടം നേടും.