“പ്രതീക്ഷകൾ നൽകുന്ന ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്”

ഇന്ത്യൻ സൂപ്പർ ലീഗിൽ 2021 ലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സന്തോഷിക്കാൻ വകയുള്ളതായിരുന്നു. 8 മത്സരങ്ങൾ അവസാനിച്ചപ്പോൾ 3 വിജയവും നാല് സമനിലയും ഒരു തോൽവിയുമായി 13 പോയിന്റ് നേടി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മുൻ വർഷങ്ങളിലെ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ എന്ത്കൊണ്ടും മികച്ച തുടക്കമാണ് കൊമ്പന്മാർക്ക് ലഭിച്ചിരിക്കുന്നത്.

2021 ലെ അവസാന മത്സരത്തിൽ ജംഷധ്പൂര്‍ എ ഫ് സിക്കെതിരെ പോയിന്റ് പങ്കുവയ്ക്കേണ്ടി വന്നെങ്കിലും ഈ ഫോമിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ സജീവമായിത്തന്നെ തുടരുന്നു.ജംഷധ്പൂരിനെതിരെ സമനില പിടിച്ചെങ്കിലും അത്ര സുഖകരമായിരുന്നില്ല ടീമിന്റെ പ്രകടനം എന്ന് പറയാതിരിക്കാന്‍ വയ്യ. ഗോളിനായി നിരന്തരം ശ്രമിച്ച ജംഷധ്പൂര്‍ 18 ഷോട്ടുകളായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തേക്ക് തൊടുത്തത്. മറുപടിയായി നല്‍കാനായത് ആറെണ്ണം മാത്രം. മത്സരത്തിൽ, ജംഷഡ്‌പുർ എഫ്സിയാണ് കൂടുതൽ ക്രിയാത്മകമായ അവസരങ്ങൾക്കു ശ്രമിച്ചത്. പക്ഷേ, റഫറി കണ്ടില്ലെന്നു നടിച്ച ഹാൻഡ് ബോളും ക്രോസ് ബാറിൽ തട്ടിയ വാസ്കെസ് ഷോട്ടും മറക്കാനാവില്ല.

സീസണിലെ രണ്ടാം തോല്‍വിയില്‍ നിന്ന് മഞ്ഞപ്പട യെ കരകയറ്റിയതിൽ ഗോളി പ്രഭ്സുഖൻ ഗില്ലിന്റേയും പ്രകടനത്തിന്റേയും സഹായം കൊണ്ടാണെന്ന് പറയാം. എന്നത്തേയും പോലെ അഡ്രിയാന്‍ ലൂണ മൈതാനത്ത് തന്റെ ഭാഗം കൃത്യമായി ചെയ്തു. ചെന്നൈക്കെതിരെയും ,മുംബൈക്കെതിരെയും കണ്ട ബ്ലാസ്‌റ്റേഴ്‌സിനെ ആയിരുന്നില്ല കഴിഞ്ഞ മത്സരത്തിൽ കണ്ടത്. മത്സരത്തിൽ പ്രതിരോധത്തിന്റെ പാളിച്ചകൾ വളരെ പ്രകടമായി കണ്ടിരുന്നു.ജംഷധ്പൂര്‍ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ മഞ്ഞപ്പടയുടെ പ്രതിരോധം നില്‍ക്കുകയായിരുന്നു. ബോക്സിന് പുറത്തേക്ക് പന്ത് ക്ലിയര്‍ പോലും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഏനസ് സിപോവിച്ച് മടങ്ങിയെത്തിയത് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൂടുതല്‍ ഊര്‍ജം കൈവരിച്ചതായി കണ്ടു. പല മുന്നേറ്റങ്ങളും ബോക്സിലെത്തും മുന്‍പ് തന്നെ അവസാനിപ്പിക്കാന്ർ പ്രതിരോധ നിരയ്ക്ക് സാധിച്ചു എന്നത് ഗുണകരമായ കാര്യമാണ്.

കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി സെക്കന്റ്‌ ബോൾ വിൻ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പിശുക്കു കാണിച്ചു. ലോങ്ങ്‌ ബാളുകളെ കൂടുതൽ ആശ്രയിച്ചു. താരങ്ങൾ പലരും ചെറിയ പരിക്ക് അലട്ടുന്നതായി തോന്നി, പിന്നെ തുടർച്ചയായ മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. മുന്നേറ്റ നിരയിൽ സഹൽ വാസ്ക്വസ് കോംബോയുടെ പ്രകടനം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രകടങ്ങളിൽ വളരെ നിർണായകം തന്നെയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സഹലിന്റെ സമനില ഗോളിലേക്ക് വഴി വച്ചത് വാസ്ക്വസിന്റ ഉജ്വല മുന്നേറ്റമായിരുന്നു. സീസണിലെ സഹലിന്റെ നാലാം ഗോളായിരുന്നു ഇത്. ഗോളിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും വാസ്ക്വസിന്റെ മുന്നേറ്റവും അര്‍ഹിക്കുന്നു.

സ്പാനിഷ് താരമാവട്ടെ 8 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും നേടിയിട്ടുണ്ട്. പിന്നോട്ടിറങ്ങി കാളി മെനയുന്ന വാസ്ക്വസ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ്. വാസ്കെസിന്റെ അനുഭവ സമ്പത്തും സാനിധ്യവും ബ്ളാസ്റ്റേഴ്സിനു വലിയ നേട്ടം തന്നെയാണ്. ജനുവരി രണ്ടാം തീയതി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവക്കെതിരെ മികച്ച പ്രകടനത്തോടെ വിജയ വഴിയിൽ എത്താം എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തൽ എന്നപോലെ റഫറിമാരും കേരള ടീമിനെതിരെ ആണെങ്കിൽ വിജയിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും എന്നുറപ്പാണ്.

Rate this post