പ്രതിരോധപരമായി വലിയ പ്രതിസന്ധിയുമായാണ് ലിവർപൂൾ ഇത്തവണ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. സൂപ്പർതാരം വിർജിൽ വാൻ ൻ ഡൈക്ക് അടങ്ങുന്ന പ്രതിരോധത്തിലെ നിരവധി പ്രധാനതാരങ്ങൾക്കാണ് സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റിരിക്കുന്നത്. എവെർട്ടണെതിരായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ മാരക ഫൗളിൽ വാൻ ഡൈകിനു മുട്ടിനു പരിക്കേൽക്കുന്നത്.
പിന്നീട് ജോയൽ മാറ്റിപിനും പരിക്കു പറ്റിയതോടെ ഫാബിഞ്ഞോയെ ആണ് സെന്റർബാക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഫാബിഞ്ഞോയും നിലവിൽ പരിക്കു പറ്റി പുറത്തിരുന്നതോടെയാണ് ക്ലോപ്പിന് തിരിച്ചടിയായത്. ജോ ഗോമസ് മാത്രമാണ് ക്ളോപ്പിനു സെന്റർബാക്കായി ഉപയോഗിക്കാൻ ബാക്കിയുള്ളു. എന്നാൽ വെറും സെന്റർ ബാക്കിനെ മാത്രമല്ല മുൻ ലിവർപൂൾ താരം മഷെറാനോയെപ്പോലെയുള്ള താരങ്ങളെയാണ് ആവശ്യമെന്നാണ് ക്ളോപ്പിന്റെ അഭിപ്രായം. വെസ്റ്റ്ഹാമുമായുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾക്ക് ഗിനി വൈനാൽഡം,ഹെൻഡേഴ്സൺ, ജോ ഗോമസ് എന്നീ ഒപ്ഷനുകൾ നിലവിൽ സെന്റർ ബാക്ക് പൊസിഷനിൽ ഉപയോഗിക്കാനാവും. മഷെറാനോയുടെ അത്രവരില്ലെങ്കിലും അവർക്ക് അവിടെ കളിക്കാനാവും. അദ്ദേഹം ആ പൊസിഷനിൽ മികച്ച രീതിയിൽ കളിച്ചയാളാണ്. ഇവരെകൂടാതെ രണ്ടു വേറെ ഓപ്ഷനുകൾ കൂടിയുണ്ട്. അവരിലൊരാളെ ഞങ്ങൾ പരിഗണിക്കും. നാളെ ടീവി തുറക്കുമ്പോൾ നിങ്ങൾക്കത് കാണാനാവും. “ക്ളോപ്പ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിക്കാൻ ലിവർപൂളിന് സാധിച്ചിരുന്നു. ലിവർപൂൾ റിസർവ് ടീം താരമായ നതാനിയൽ ഫിലിപ്സിനെയാണ് ക്ളോപ്പ് സെന്റർ ബാക്കായി ഉപയോഗിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് താരം ക്ളോപ്പിന്റെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു.