ബാഴ്സയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാൻ ബാഴ്സയിൽ കാതലായ മാറ്റങ്ങൾ വേണമെന്ന് മുമ്പ് തന്നെ പ്രസ്താവിച്ച കാര്യമാണ്. ടീമിനെ റീബിൽഡ് ചെയ്യിക്കണമെങ്കിൽ താരങ്ങളെ യഥാർത്ഥ പൊസിഷനുകളിൽ കളിപ്പിക്കണമെന്നും പുതിയ താരങ്ങളെ എത്തിക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കിയതാണ്. അത്കൊണ്ട് തന്നെ ഇദ്ദേഹം ആവിശ്യപ്പെടുന്ന താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാനും പുതിയ താരങ്ങളെ എത്തിക്കാനും ബാഴ്സ മാനേജ്മെന്റ് നിർബന്ധിതരാവുകയാണ് ചെയ്യുക. നിലവിൽ ടീമിലെ എല്ലാ താരങ്ങളുമായി കൂമാൻ തന്നെ ഫോൺ മുഖാന്തരം സംസാരിച്ചു കഴിഞ്ഞതായി അദ്ദേഹം തന്നെ അറിയിച്ചിരുന്നു.
ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സിയെയായിരുന്നു കണ്ടത്. എന്നാൽ താരം ഇന്നലെ ക്ലബ് വിടണം എന്നറിയിച്ചതോടെ മെസ്സിയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. മെസ്സി ബാഴ്സക്ക് അകത്തോ അതോ പുറത്തോ എന്നുള്ളത് വ്യക്തമാവണമെങ്കിൽ ഇനിയുള്ള ദിവസങ്ങൾ ആരാധകർ കാത്തിരുന്നേ മതിയാവൂ. ഇത്രയും കാലം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട താരത്തിന്റെ ഭാവി ഉറപ്പില്ലാത്തതായത് ക്ലബിലെ പ്രതിസന്ധിയെ കാണിക്കുന്നത്.
ഇനി മറ്റൊരു പ്രധാനപ്പെട്ട താരമായ ലൂയിസ് സുവാരസിന് കൂമാൻ പുറത്തേക്കുള്ള വഴി തുറന്നിട്ടുണ്ട്. തന്റെ ടീമിൽ സ്ഥാനം ലഭിക്കില്ലെന്ന് കൂമാൻ നേരിട്ട് പറഞ്ഞതോടെ താരം ബാഴ്സ വിടുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇനി കൂമാൻ പുറത്താക്കുന്ന മറ്റൊരു താരം റാക്കിറ്റിച്ച് ആണ്. തന്റെ ടീമിൽ മധ്യനിരയിൽ ആവിശ്യത്തിന് ആളുണ്ട് എന്നറിയിച്ച കൂമാൻ റാകിറ്റിച്ചിന് ഇടം ലഭിച്ചേക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇതേ അവസ്ഥ തന്നെയാണ് ആർതുറോ വിദാലിനും. വിദാലിനോടും ക്ലബ് വിടാൻ കൂമാൻ അറിയിച്ചിട്ടുണ്ട്. വിദാലും അടുത്ത സീസണിൽ ബാഴ്സക്കൊപ്പമുണ്ടാവാൻ ചാൻസ് കുറവാണ്. കൂമാൻ ടീം വിടാൻ അഭ്യർത്ഥിച്ച മറ്റൊരു ഡിഫൻഡർ ഉംറ്റിറ്റിയാണ്. പരിക്ക് മൂലം വലയുന്ന താരം ഉപയോഗശൂന്യമാണ് എന്നാണ് കൂമാന്റെ കണ്ടെത്തൽ. ഈ നാലു പേര് ക്ലബ് വിടുമെന്ന് ഉറപ്പായി.
അതേസമയം ജോർഡി ആൽബ, സെർജിയോ ബുസ്ക്കെറ്റ്സ് എന്നിവർക്ക് പ്രകടനത്തിൽ പുരോഗതി പ്രാപിക്കാൻ കൂമാൻ അവസരം നൽകിയേക്കും. അതായത് ടീമിലെ മറ്റു താരങ്ങളോട് മത്സരിച്ചു കൊണ്ട് ടീം ഇലവനിൽ സ്ഥാനം നേടിയെടുക്കണം എന്ന്. കൂടാതെ ജെറാർഡ് പിക്വേ ടീമിന് വേണം എന്ന് കൂമാൻ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ നേതൃത്വഗുണവും പരിചയസമ്പത്തും ബാഴ്‌സക്ക് വേണം എന്ന അഭിപ്രായക്കാരനാണ് കൂമാൻ.
കൂടാതെ ഫിലിപ്പെ കൂട്ടീഞ്ഞോയെ കൂമാൻ തിരിച്ചു വിളിച്ചിട്ടുണ്ട്. നിർണായകസ്ഥാനമാണ് കൂട്ടീഞ്ഞോക്ക് ഓഫർ ചെയ്തിരിക്കുന്നത്. താരത്തിന് അനുയോജ്യമായ പൊസിഷനും ഫസ്റ്റ് ഇലവനിൽ സ്ഥാനവും ഓഫർ ചെയ്തിട്ടുണ്ട്. കൂട്ടീഞ്ഞോ, പ്യാനിക്ക്, ഡിജോംഗ് എന്നിവരെയാണ് മധ്യനിരയിലെ പ്രധാനതാരങ്ങളായി കൂമാൻ ലക്ഷ്യം വെക്കുന്നത്. കൂടാതെ ടീമിൽ എത്തിക്കാൻ പ്രഥമപരിഗണന നൽകുന്നത് സ്ട്രൈക്കെർ ആയ ലൗറ്ററോ മാർട്ടിനെസ്, ഡിഫൻഡർ ആയ എറിക് ഗാർഷ്യ എന്നിവരെയുമാണ്.