ലോകത്തിലെ ഏറ്റവും മികച്ച താരം ആര് എന്ന കാര്യത്തിൽ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാനും സംശയങ്ങളൊന്നുമില്ല. അത് താൻ പരിശീലിപ്പിക്കാൻ പോവുന്ന ലയണൽ മെസ്സി തന്നെയാണ്. എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മെസ്സിയെ കുറിച്ചും ടീമിനെ കുറിച്ചും തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ക്ലബിന്റെ പ്രസിഡന്റ് നൽകിയ ബർത്തോമു നൽകിയ അഭിമുഖത്തിൽ മെസ്സിയുടെ ഭാവിയെ പറ്റി പറഞ്ഞിരുന്നു. മെസ്സി ബാഴ്സ വിടും എന്ന വാർത്തകളെ പൂർണ്ണമായും അദ്ദേഹം തള്ളികളഞ്ഞിരുന്നു. മെസ്സിക്ക് ബാഴ്സയിൽ തന്നെ തുടരാനാണ് ആഗ്രഹം എന്ന് ബർത്തോമു വെളിപ്പെടുത്തിയിരുന്നു. അത്പോലെ തന്നെ പരിശീലകൻ കൂമാന്റെ തന്ത്രങ്ങളിലെ പ്രധാനതാരം മെസ്സിയാണെന്നും അദ്ദേഹത്തിന് മെസ്സിയെ ആവിശ്യമുണ്ടെന്നും ബർത്തോമു വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കൂമാൻ തന്നെ മെസ്സിയെ പറ്റി മനസ്സ് തുറന്നത്.
മെസ്സിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : “ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്. അദ്ദേഹം ബാഴ്സയിൽ തുടരുകയാണെങ്കിൽ ഞാൻ വളരെയധികം സന്തോഷവാനാകും. അദ്ദേഹത്തെ ബാഴ്സയിൽ തന്നെ തുടരാൻ വേണ്ടി കൺവിൻസ് ചെയ്യാൻ എനിക്ക് കഴിയുമോ എന്നറിയില്ല. അദ്ദേഹത്തെ കൺവിൻസ് ചെയ്യൽ അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഞങ്ങൾ സംസാരിക്കും. തീർച്ചയായും മെസ്സിക്ക് ഒരു വർഷം കൂടി കരാർ കൂടിയുണ്ട്. ടീമിന്റെ പരിശീലകൻ എന്ന നിലയിൽ അദ്ദേഹം സ്ക്വാഡിൽ ഉണ്ടായിരിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു “.
പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന് പകരക്കാരനായാണ് കൂമൻ പരിശീലകസ്ഥാനം ഏറ്റെടുത്തത്.എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും ടീമിന്റെ നല്ലതിന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമോ അത് ചെയ്യുമെന്നും കൂമാൻ ഉറപ്പ് നൽകി. വലിയ തോൽവി അംഗീകരിക്കാനാവാത്ത ഒന്നാണെന്നും ഒരുപാട് കാര്യങ്ങളിൽ പുരോഗതി പ്രാപിക്കാനുണ്ടെന്നും പഴയ നല്ല സമയം തിരികെ കൊണ്ട്വരാൻ ആഗ്രഹിക്കുന്നുവെന്നും കൂമാൻ കൂട്ടിച്ചേർത്തു.