പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കുമിടയിൽ ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ തന്റെ പ്രീ സീസൺ തുടങ്ങുന്നു. ഇന്ന്, അതായത് തിങ്കളാഴ്ച്ചയാണ് എഫ്സി ബാഴ്സലോണ പരിശീലനം ആരംഭിക്കുന്നത്. ഞായറാഴ്ച്ച ബാഴ്സ തങ്ങളുടെ താരങ്ങൾക്ക് പിസിആർ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ലഭ്യമായ താരങ്ങളിൽ മെസിയൊഴികെയുള്ള എല്ലാ താരങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. ഫലം പുറത്തു വന്നതിന് ശേഷമാണ് കൂമാൻ പരിശീലനം ആരംഭിക്കുക.
ക്ലബിനോടുള്ള പ്രതിഷേധമായിട്ടാണ് മെസ്സി പിസിആർ ടെസ്റ്റിൽ പങ്കെടുക്കാതിരുന്നത്. ക്ലബ് വിടാനുള്ള താല്പര്യം അറിയിച്ചിട്ടും മെസ്സിയെ പോവാൻ ബാഴ്സ അനുവദിച്ചിരുന്നില്ല. ഇതോടെ മെസ്സി ടെസ്റ്റിന് എത്താതെ നിലപാട് കടിപ്പിക്കുകയായിരുന്നു. എന്നാൽ ലാലിഗ തന്നെ നേരിട്ട് മെസ്സിക്ക് ക്ലബ് വിടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. പക്ഷെ മെസ്സി ഇന്ന് മെഡിക്കൽ പൂർത്തിയാക്കി പരിശീലനത്തിന് എത്തിയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാവും. മെസ്സിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ബാഴ്സക്ക് അധികാരമുണ്ട്.
വിവിധ കാരണങ്ങളാൽ ആകെ പതിനേഴു താരങ്ങളെയാണ് നിലവിൽ കൂമാന് ലഭ്യമാവാതിരിക്കുന്നത്. ഗോൾകീപ്പർ ടെർ സ്റ്റീഗൻ പരിക്ക് മൂലം ബാഴ്സക്കൊപ്പം എത്തിയിട്ടില്ല. താരത്തിന്റെ കാൽമുട്ടിനാണ് പരിക്ക്. കുറച്ചു കാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ കൂട്ടീഞ്ഞോ അവധി ആഘോഷത്തിലാണ്. കൂടാതെ കോവിഡ് പോസിറ്റീവ് ആയ മിറാലെം പ്യാനിക്ക് സെൽഫ് ഐസൊലേഷനിൽ ആണ്. താരത്തെയും കൂമാന് ലഭ്യമാവില്ല.
ഫ്രങ്കി ഡിജോംഗ്, സെർജിയോ ബുസ്ക്കെറ്റ്സ്, ക്ലമന്റ് ലെങ്ലെറ്റ്, അന്റോയിൻ ഗ്രീസ്മാൻ, ഫ്രാൻസിസ്കോ ട്രിൻകാവോ, നെൽസൺ സെമേഡോ, മാർട്ടിൻ ബ്രാത്വെയിറ്റ്, അൻസു ഫാറ്റി, ഇനാകി പെന, റിക്വി പുജ്, യുവാൻ മിറാണ്ട, കാർലെസ് അലേന, പെഡ്രി എന്നിവർ തങ്ങളുടെ ഇന്റർനാഷണൽ ടീമിനൊപ്പം ആണ്. ഇതിനാൽ തന്നെ യൂത്ത് ടീമിൽ നിന്ന് താരങ്ങൾക്ക് കൂമാൻ അവസരം നൽകിയേക്കും.