കൂമാന്റെ സ്ഥാനമേറ്റെടുക്കാൻ മുൻ ഡച്ച് താരം തന്നെ എത്തുന്നു.

പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന് പകരക്കാരനായിട്ടായിരുന്നു മുൻ ഡച്ച് താരമായ റൊണാൾഡ് കൂമാൻ ബാഴ്സയുടെ പരിശീലകസ്ഥാനമേറ്റെടുത്തിരുന്നത്. എന്നാൽ അദ്ദേഹം ഹോളണ്ടിന്റെ പരിശീലകസ്ഥാനം രാജിവെച്ചു കൊണ്ടാണ് ബാഴ്‌സയുടെ പരിശീലകനായി ചുമതയേറ്റത്. ഇപ്പോഴിതാ കൂമാൻ ഒഴിച്ചിട്ട ഹോളണ്ടിന്റെ പരിശീലകസ്ഥാനത്തേക്ക് മുൻ താരമായിരുന്ന ഒരു പരിശീലകൻ എത്തുകയാണ്. ഫ്രാങ്ക് ഡി ബോയർ എന്ന മുൻ താരമാണ് ഹോളണ്ടിന്റെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് വാർത്തകൾ.

ആർട്ടിഎൽ ന്യൂസ്‌ എന്ന മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ഒരു സ്ഥിരപരിശീലകൻ ഹോളണ്ടിന് ഇല്ല. ഓഗസ്റ്റിൽ കൂമാൻ പോന്നതിനു ശേഷം ട്വയിറ്റ് ലോഡ്വെജെസാണ് താൽകാലികമായി ഹോളണ്ടിനെ പരിശീലിപ്പിക്കുന്നത്. ആ സ്ഥാനത്തേക്കാണ് ഡി ബോയർ പരിഗണിക്കപ്പെടുന്നത്. ഇനി ഇന്റർനാഷണൽ മത്സരങ്ങൾ ഒക്ടോബറിലാണ് നടക്കുക. അതിന് മുമ്പ് ഒരു സ്ഥിരപരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നെതർലാൻഡ് ടീം അധികൃതർ.

അൻപത് വയസ്സുകാരനായ ബോയർ മുമ്പ് അയാക്സ്, ഇന്റർ മിലാൻ, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1990 മുതൽ 2004 വരെ ഹോളണ്ടിന് വേണ്ടി ജേഴ്സി അണിഞ്ഞ ഇദ്ദേഹം ആകെ 112 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. ഈ സമ്മറിൽ എംഎൽഎസ്സ് ക്ലബായ അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഒഴിവാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തി പരിചയം ടീമിന് ഗുണമാവുമെന്നാണ് കരുതപ്പെടുന്നത്.

രണ്ടു വർഷം ഹോളണ്ടിന്റെ പരിശീലകൻ ആയ ശേഷമാണ് കൂമാൻ ബാഴ്‌സയിലേക്ക് ചേക്കേറിയത്. ഈ കാലയളവിൽ ഹോളണ്ടിനെ യുവേഫ നേഷൻസ് ലീഗിൽ ഫൈനലിൽ എത്തിക്കാൻ കൂമാന് കഴിഞ്ഞിരുന്നു. എന്നാൽ കൂമാൻ സ്ഥാനമൊഴിഞ്ഞ ശേഷം നടന്ന ഒരു നേഷൻസ് ലീഗ് മത്സരത്തിൽ ഹോളണ്ട് തോൽവി അറിഞ്ഞിരുന്നു. ഇറ്റലിയോടായിരുന്നു തോറ്റത്. ആദ്യ മത്സരത്തിൽ പോളണ്ടിനോട് വിജയിച്ചിരുന്നു.

Rate this post