ബാഴ്സയുടെ കുറവ് കൂമാൻ തിരിച്ചറിഞ്ഞു,ഡിഫൻസിലേക്ക് ഈ താരമെത്തുന്നു.

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ഇതുവരെ ഒരൊറ്റ സൈനിങ്‌ പോലും നടത്താൻ കൂമാന് സാധിച്ചിട്ടില്ല. ഡച്ച് താരങ്ങളായ മെംഫിസ് ഡീപേയെയും ഗിനി വൈനാൾഡത്തിനെയും ബാഴ്സ ക്ലബ്ബിലെത്തിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. എന്നാലിപ്പോഴിതാ അയാക്സിന്റെ ഒരു ഡിഫൻഡറെ ടീമിൽ എത്തിച്ചു കൊണ്ട് പ്രതിരോധം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൂമാൻ.

അയാക്സിന്റെ അമേരിക്കൻ ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റിനെയാണ് കൂമാന് ഇപ്പോൾ ആവിശ്യം. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ വലിയ പ്രാധാന്യത്തോടെ ഈ വാർത്ത നൽകിയിട്ടുണ്ട്. നിലവിലെ ബാഴ്‌സയുടെ പ്രതിരോധത്തിൽ കൂമാന് വലിയ തോതിലുള്ള പ്രതീക്ഷകൾ ഒന്നുമില്ല. പ്രത്യേകിച്ച് റൈറ്റ് ബാക്ക് സ്ഥാനത്തുള്ള നെൽസൺ സെമെഡോയിൽ.

ആ സ്ഥാനത്തേക്കാണ് ഡെസ്റ്റിനെ കൂമാൻ പരിഗണിക്കുന്നത്. അയാക്‌സുമായി വളരെ നല്ല ബന്ധം പുലർത്തുന്ന കൂമാനും ബാഴ്സയും താരത്തെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഉടനെ ആരംഭിച്ചേക്കും. കേവലം പത്തൊൻപത് വയസ്സുകാരനായ ഈ അമേരിക്കക്കാരൻ ഈ ഈ കഴിഞ്ഞ സീസണിലാണ് ഫസ്റ്റ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ പ്രതിഭയിൽ കൂമാന് വളരെയധികം വിശ്വാസമുണ്ട്.

സെപ്റ്റംബർ 2018-ലായിരുന്നു ഡെസ്റ്റ് അയാക്സുമായി കരാർ പുതുക്കിയത്. അതുപ്രകാരം 2023 വരെ താരത്തിന് കരാർ ഉണ്ട്. എന്നാൽ താരത്തെ ബാഴ്സയിൽ എത്തിക്കാൻ തന്നെയാണ് ക്ലബ്ബിന്റെ ശ്രമം. സാമ്പത്തികപ്രശ്നങ്ങളാണ് ബാഴ്‌സയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ചുരുങ്ങിയത് ഇരുപത് മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ബാഴ്സ ചിലവഴിക്കേണ്ടി വരും. എന്നാൽ ഇതിന് ബാഴ്‌സ തയ്യാറാവുമോ എന്നാണ് സംശയം. പണം ഇല്ലാത്തത്തിനാലായിരുന്നു ഡീപേ ട്രാൻസ്ഫർ മുടങ്ങിയത്.

Rate this post